കുരീ‍പ്പുഴ പറഞ്ഞതില്‍ ആക്രമണമില്ല, ആര്‍എസ്എസില്ല; കവിയുടെ കള്ളം പൊളിയുന്നു

Tuesday 6 February 2018 2:34 pm IST

കൊച്ചി: കൊല്ലത്ത് പ്രസംഗം നടത്തിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ചിലര്‍ ചോദ്യം ചെയ്ത സംഭവം കവി ആദ്യം വിവരിക്കുമ്പോള്‍ അതില്‍ ആക്രമിച്ചതായി പറയുന്നില്ല, ആര്‍എസ്എസുകാരെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍, ആസൂത്രിതമായി ചിലര്‍ നടത്തിയ പ്രചാരണം കവിയും ഏറ്റുപിടിക്കുകയും ശരിവയ്ക്കുകയുമായിരുന്നു. ആര്‍ക്കെതിരേയും ശ്രീകുമാര്‍ പരാതി കൊടുത്തിട്ടില്ല. പക്ഷേ, പോലീസ് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുകഴിഞ്ഞു. പിണറായി സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ആര്‍എസ്എസ് വിരുദ്ധ പ്രചാരണമായിട്ടാണ് 'കുരീപ്പുഴ ആക്രമണ സംഭവം' ഇപ്പോള്‍ മാറിയിട്ടുള്ളത്. 

കുരീപ്പുഴ സംഭവത്തിനു ശേഷം നടത്തിയ വിശദീകരണം: ''കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉദ്ഘാടനത്തിനാണ് ഞാനാഗ്രന്ഥശാലയില്‍ എത്തുന്നത്. അവിടെ നിറഞ്ഞ സദസ്. ഒരുപാട് സഹോദരിമാരും സഹോദരന്മാരും കുഞ്ഞുങ്ങളുമിരിക്കുന്ന വലിയ സദസ്. തുറന്ന ഒരു സ്ഥലത്താണ് മീറ്റിങ് നടക്കുന്നത്. അപ്പോള്‍ ഞാനവരോട് പറഞ്ഞു, ഇന്നത്തെ മാതൃഭൂമിയില്‍ ഒരു വാര്‍ത്തയുണ്ട്, വടയമ്പാടി എന്ന സ്ഥലത്ത് ഒരു പൊതു ഇടം എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിന്റെ പിന്‍ബലത്തോടുകൂടി ആളുകള്‍ കെട്ടിയടച്ചു. അവിടിന്നൊരു സമരം നടക്കുകയാണ്. അവര്‍ ഇന്നലെ നടത്താന്‍ ശ്രമിച്ച ആത്മാഭിമാന കണ്‍വന്‍ഷന്‍ അവര്‍ക്ക് വേണ്ടെന്ന് വയ്ക്കേണ്ടിവന്നു. പൊലീസ് നടത്താന്‍ സമ്മതിച്ചില്ല. ആര്‍എസ്എസുകാര്‍ അവിടെവന്ന് എതിരെ മുദ്രാവാക്യം വിളിക്കുകയും എല്ലാം ചെയ്തു. അതുപോലെതന്നെ അശാന്തന്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ മൃതദേഹം ദര്‍ബാര്‍ഹാളില്‍ വയ്ക്കാനുമവര്‍ സമ്മതിച്ചില്ല. അപ്പോള്‍ ഇതെല്ലാം വച്ച് ഞാന്‍ പറഞ്ഞു, നിങ്ങളുടെ ഈ പൊതുസ്ഥലം കെട്ടിയടയ്ക്കാന്‍ നിങ്ങള്‍ ഒരിക്കലും അനുവദിക്കരുത്. ആ രീതിയില്‍ ജാതിക്കും മതത്തിനും അതീതമായൊരു ചിന്ത നിങ്ങള്‍ക്കുണ്ടാകണം എന്നാണ് ഞാനെന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. ഉപ്പ എന്ന കവിതയും ഞാന്‍ ചൊല്ലി. 

അതുകഴിഞ്ഞിട്ട് ഞാന്‍ പുറത്തേക്കിറങ്ങി വണ്ടിക്കകത്തു കയറിയ സന്ദര്‍ഭത്തില്‍ ഒരുകൂട്ടം ആള്‍ക്കാരു വന്നിട്ട് രോഷാകുലരായിട്ട് പ്രതികരിച്ചു. ഒരുപാട് തെറിയൊക്കെ വിളിച്ചു. അവരുടെ സംസ്‌കാരമനുസരിച്ചുള്ള വര്‍ത്തമാനങ്ങള്‍ അവരുടെ നാവില്‍നിന്നുമുണ്ടായി. ഒരുപക്ഷേ ആ ലൈബ്രറി ഭാരവാഹികളും മുന്‍ പഞ്ചായത്ത് പ്രസിഡന്റും.... മറ്റും ചേര്‍ന്നുള്ള സംരക്ഷിത വലയം ഉണ്ടായിരുന്നില്ലെങ്കില്‍ അവരെന്നെ കായികമായിട്ട് ആക്രമിച്ചേക്കുമായിരുന്നു എന്നാണെനിക്ക് തോന്നുന്നത്.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.