ശ്രീജിത്ത് വിജയന്‍ കേസില്‍ മാധ്യമ വിലക്ക് ഹൈക്കോടതി തടഞ്ഞു

Wednesday 7 February 2018 2:51 am IST

കൊച്ചി: ചവറയിലെ  ഇടത്  എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് ഉള്‍പ്പെട്ട ദുബായ് സാമ്പത്തിക തട്ടിപ്പു കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നതും തടഞ്ഞുള്ള കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 

സബ് കോടതി ഉത്തരവിനെതിരെ ഒരു മാധ്യമ സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മാധ്യമങ്ങളെ വിലക്കിയ   സബ് കോടതിയുടെ ഫെബ്രുവരി മൂന്നിലെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നും തുടര്‍ന്നൊരുത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുകയാണെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. 

ചെക്ക് കേസുമായി ബന്ധപ്പെട്ട് മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും മാവേലിക്കര കോടതിയിലും ശ്രീജിത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ശ്രീജിത്ത് ഫെബ്രുവരി ഒന്നിന് കരുനാഗപ്പള്ളി സബ് കോടതിയില്‍ ഇതിന്റെ മറു കേസ് നല്‍കി.  മാധ്യമങ്ങളെയും രാഹുല്‍ കൃഷ്ണയെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഈ കേസിലാണ്  കോടതി മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയോ വാര്‍ത്ത നല്‍കുകയോ ചെയ്യരുതെന്നായിരുന്നു ഉത്തരവ്.

ഹര്‍ജിയില്‍ സ്റ്റേ അനുവദിച്ചശേഷം വൈകിട്ട് സ്റ്റേ റദ്ദാക്കണമെന്നും ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. സബ് കോടതിയുടെ ഉത്തരവ് ജുഡീഷ്യറിക്കുമേല്‍ അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നും ഇത്തരം കീഴ്വഴക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് ആവശ്യം നിരസിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.