ദളിത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നു, വിദേശപ്പണം പറ്റി കൊല ചെയ്യുന്നു എന്ന് ആരോപണം

Tuesday 6 February 2018 3:36 pm IST

കൊച്ചി: വടയമ്പാടി സമരത്തിന്റെ പേരിലും ദളിത് സംഘടനാ നേതാക്കള്‍ തമ്മില്‍ത്തല്ലുന്നു. ചില ദളിത് സംഘടനകള്‍ വിദേശപ്പണം പറ്റി ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്നവരെ കൊല്ലുന്നുവെന്ന് ആരോപണം. നിസഹകരണവും ആക്ഷേപ പരിഹാസങ്ങളും സഹിക്കാതെ ദളിത് പ്രവര്‍ത്തക പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

ധന്യാ രാമന്‍ എന്ന ദളിത് പ്രവര്‍ത്തകയെ വടയമ്പാടി സമരമുഖത്തേക്ക് ചിലര്‍ അടുപ്പിച്ചില്ല. സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കളുടെ ലിസ്റ്റില്‍ നോട്ടീസില്‍ പേരു ചേര്‍ത്തില്ല. ധന്യ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ പോലീസ് നടപടിക്കിടെ ധന്യയെ അറസ്റ്റ് ചെയ്യാഞ്ഞതിനെതിരേ സംഘടനാ നേതാക്കള്‍ ആരോപണവുമുയര്‍ത്തി. തുടര്‍ന്നാണ് പണം പറ്റി ചലര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. 

പണം നല്‍കുന്നവര്‍ക്കു വേണ്ടി തലയെടുക്കുമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യിക്കുമെന്നുമുള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ ധന്യ നടത്തുന്നു. 

ധന്യാ രാമന്‍ എഴുതുന്നു: ''ദളിത് സംഘടനകളുടെ ഫണ്ടിംഗ് ഏജന്‍സി പറയുന്നത് മാത്രമേ അവര്‍ കേള്‍ക്കുകയുള്ളു. അതാണ് തലയെടുക്കും അല്ലെങ്കില്‍ ആത്മഹത്യാ ചെയ്യിക്കും എന്ന് പറയുന്നത്. ഒരു സംഘടനയുടെ വിദേശ ഏജന്‍സിയാണ് ആദ്യം തുടങ്ങി വച്ചത്. അതിലെ ഒരംഗം അഞ്ചുലക്ഷം വാങ്ങാന്‍ പറഞ്ഞത് എന്റെ മെയിലില്‍ കിടപ്പുണ്ട്. ഞാന്‍ വാങ്ങിയില്ല. അന്ന് തൊട്ടു തുടങ്ങി.

ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്നു തൊഴില്‍ നേടുന്നു, സാമൂഹ്യ സാമ്പത്തിക മാറ്റം ഉണ്ടാകുന്നുണ്ട്. ദളിതര്‍ക്ക് എന്നും പ്രശനം വേണം. പരിഹരിക്കപ്പെടരുത് എന്നുള്ളത് ഇവരുടെ മറ്റൊരു പ്രശ്നം.''മറ്റൊരു എഴുത്ത് ഇങ്ങനെ: '' ദളിത് ഗ്രൂപ്പുകള്‍ എന്നെ അപമാനിച്ചു കൊണ്ടിരിക്കുന്നു. ബ്രെയിന്‍ സെല്‍ ഡാമേജ് ആയി മരിക്കാന്‍ കിടക്കുന്ന അമ്മയെയും വെറുതെ വിടുന്നില്ല.

ഞാന്‍ നിമിത്തം പല ദളിത് സംഘടനകള്‍ക്കും നേതാക്കന്മാര്‍ക്കും സ്ത്രീകള്‍ക്കും പേര് കിട്ടുന്നില്ല എന്നൊരു പരാതിയെ മാനിച്ചു സാമൂഹ്യ രംഗം വിടുന്നു.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.