പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന് വിമുഖത: മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമാകും

Tuesday 6 February 2018 4:44 pm IST

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് എറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് കോളേജിന്റെ അംഗീകാരത്തെ തന്നെ ബാധിക്കാന്‍ സാധ്യത. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷവും മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് കോളേജ് ഏറ്റെടുക്കലിന്റെ ആദ്യ നടപടിയെന്ന നിലയില്‍ ജില്ലാ കലക്റ്റര്‍ ആസ്തി ബാധ്യതകളുടെ കണക്കെടുത്ത് സര്‍ക്കാരിന് നല്‍കുകയും ചെയ്തു. എന്നാല്‍ പലകാരണങ്ങളാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുക്കല്‍ നടന്നില്ല. തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയോ ബജറ്റില്‍ തുക വകയിരുത്തുകയോ ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. 

മെഡിക്കല്‍ കോളേജിന് സ്വന്തമായി ഭൂമിയില്ലെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രക്ഷോഭസമിതി പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കോളേജ് ഭരണസമിതിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സ്വന്തമായ ഭൂമിയിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ മെഡിക്കല്‍ കോലേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കില്ല. 

ആവശ്യത്തിന് രോഗികളില്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിന് എംബിബിഎസ് കോഴ്‌സിനുള്ള സ്ഥിരാംഗീകാരം കഴിഞ്ഞ വര്‍ഷം റദ്ദ് ചെയ്തിരുന്നു. ഈ മാസം വീണ്ടും പരിശോധന നടക്കാനിരിക്കെയാണ് പുതിയ പ്രശ്‌നം ഉയര്‍ന്ന് വന്നിരിക്കുന്നത്. 

സൗജന്യ ചികിത്സയ്ക്ക് മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥയിലാണ് സാമുവല്‍ ആറോണ്‍ എന്നയാള്‍ പരിയാരം ടിബി സാനിറ്റോറിയത്തിന് 119 ഏക്കര്‍ ഭൂമി കൈമാറിയത്. 1994 ല്‍ ഇതേ ഭൂമിയും കെട്ടിടവും പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറുകയായിരുന്നു. എന്നാല്‍ സൗജന്യ ചികിത്സയ്ക്ക് വേണ്ടിമാത്രമേ ഭൂമിയും കെട്ടിടവും ഉപയോഗിക്കാവു എന്ന സാമുവല്‍ ആറോണിന്റെ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഇത് സംബന്ധിച്ച് ചില വ്യക്തികള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജുമായി സര്‍ക്കാര്‍നടത്തിയ സ്ഥലക്കൈമാറ്റം ഹൈക്കോടതി റദ്ദാക്കുയുചെയ്തിരുന്നു. 

സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ കോളേജിന്റെ നിലനില്‍പ് തന്നെ ഇല്ലാതാകുമെന്ന സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.