വടയമ്പാടി ക്ഷേത്രത്തില്‍ കഴകത്തിന് പിന്നാക്ക വിഭാഗക്കാരി

Tuesday 6 February 2018 5:34 pm IST
വടയമ്പാടിയില്‍ ജാതി വിവേചനമുണ്‌ടെന്ന പ്രചാരണം തെറ്റ്. പുലയ സമുദായാംഗം കുഞ്ഞുകുറുംബയാണ്....

കൊച്ചി: വടയമ്പാടിയിലെ ഇല്ലാത്ത 'ജാതിമതിലിന്' എതിരേയുള്ള സമരത്തിലെ നുണക്കഥകള്‍ പൊളിയുന്നു. വടയമ്പാടിയിലെ ക്ഷേത്രത്തില്‍ ജാതി വിലക്കോ അയിത്താചാരണമോ ഇല്ലെന്നു മാത്രമല്ല, ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി കഴകം ചെയ്യുന്നത് പുലയ സമുദായാംഗമാണെന്നും വ്യക്തമായി. ജാതിയും മതവുംപരിഗണിക്കാതെ അവിടെ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഓരോന്നായി വെളിച്ചത്തു വരികയാണ്.
 
എറണാകുളത്ത് പുത്തന്‍കുരിശിനടുത്താണ് വടയമ്പാടി. അവിടെ എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ ദളിത് വിഭാഗത്തിനു പ്രവേശനം നിഷേധിച്ചെന്നും അവരുടെ വീടുകളിലേക്കുള്ള വഴി കൂറ്റന്‍ മതില്‍ കെട്ടി അടച്ചെന്നുമാണ് പ്രചാരണം. ദളിത് വിഭാഗത്തില്‍ പെട്ടവരെ ഇതരവിഭാഗവുമായി വേര്‍തിരിച്ചുകൊണ്ട് നിര്‍മിച്ച ഇല്ലാത്ത 'ജാതിമതിലി'നെതിരെ രോഷം തിളപ്പിക്കാന്‍ ആസൂത്രിത പദ്ധതിതന്നെയുണ്ട്. 
 
വടയമ്പാടിയിലെ ജന്മി ഇടയ്ക്കാട്ട് ഇരവി രാമന്‍ കര്‍ത്ത നൂറോളം വര്‍ഷത്തോളം മുമ്പ് സുബ്രഹ്മണ്യവിലാസം നായര്‍ ഭജനമഠത്തിനു തീറാധാരമായി നല്‍കിയതാണ് ഭജനമഠം ദേവീക്ഷേത്രവും ചുറ്റുമുള്ള 1.18 ഏക്കര്‍ ഭൂമിയും. അതു പിന്നീട് എന്‍എസ്എസ് നിയന്ത്രണത്തിലായി. 1962 മുതല്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഭരണസമിതി ക്ഷേത്രഭരണം നടത്തുന്നു.
 
പൂജ ഒഴികെ എല്ലാച്ചടങ്ങിലും ആഘോഷങ്ങളിലും ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ മുഴുവന്‍ നാട്ടുകാരും പങ്കുചേരാറുണ്ട്. ഇരുപതു വര്‍ഷമായി പൂജാപാത്രങ്ങള്‍ കഴുകുന്നതും തിരുമുറ്റം വൃത്തിയാക്കുന്നതുമടക്കം കഴകം ചെയ്യുന്നത് പുലയ സമുദായാംഗമായ കുഞ്ഞുകുറുംബയാണ്.
 
 ക്ഷേത്രഭൂമിക്കു മുന്നിലെ റവന്യൂ പുറംപോക്കില്‍ ഉള്‍പ്പെട്ട, 1981 ജൂലൈ 9 ന് എന്‍എസ്എസിന് പട്ടയം കിട്ടിയ 95 സെന്റ്ഭൂമിയെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം.(നമ്പര്‍. ബി. 11 3363/81)
 
അടുത്തകാലം വരെ ഈ ഭൂമി തുറസ്സായിരുന്നു. ദളിതരുള്‍പ്പെടെയുള്ള സമീപവാസികളില്‍ പലരും വിവാഹപ്പന്തല്‍ കെട്ടാനും മറ്റും എന്‍എസ്എസിന്റെ മുന്‍കൂര്‍ അനുമതിയോടെ ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ കളിക്കാനും ചെറുപ്പക്കാരുടെ സംഘങ്ങള്‍ വൈകുന്നേരങ്ങളില്‍ ഒന്നിക്കാനും ഉപയോഗിച്ചു.
 
അതിനിടെ, അസമയത്ത് കൂട്ടംകൂടിയിരിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ഉയരുകയും അധികൃതര്‍ക്ക് പരാതി പോവുകയും ചെയ്ത സംഭവങ്ങളുമുളണ്ടായി. മൂന്നു വശങ്ങളിലും ഭൂമി ഇടിയാന്‍ തുടങ്ങിയതോടെയാണ് ചുറ്റുമതില്‍ പണിയാന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്.
 
മതില്‍പ്പണി തുടങ്ങിയപ്പോള്‍ സമീപവാസികളായ അരുണ്‍ ചെല്ലപ്പന്‍, വി.കെ. മണി എന്നിവര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കി. വില്ലേജ് ഓഫിസര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പരാതി തള്ളുകയും 2017 ഫെബ്രുവരിയില്‍ മതില്‍പ്പണിക്ക് അനുമതി നല്‍കുകയും ചെയ്തു. (നമ്പര്‍. എ. 3 6783/17) ഈ തീരുമാനം ശരിവച്ച ഹൈക്കോടതി പൊലീസ് സംരക്ഷണം വിധിച്ചു. (റിട്ട് പെറ്റീഷന്‍ (സി) നമ്പര്‍ 2646/2017) അങ്ങനെ 27 പേരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം 2017 ഫെബ്രുവരി 7 ന് ചുറ്റുമതില്‍ പണി തുടങ്ങി. അന്നുമുതല്‍ മതിലിനു പുറത്ത് പോരാട്ടത്തിന്റെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം തുടങ്ങി. 'ജാതിമതില്‍' എന്ന വിശേഷണം വ്യാപകമായി പ്രചരിപ്പിച്ചത് ഈ കാലത്താണ്. മറ്റുപാര്‍ട്ടികള്‍ ഏറെക്കുറെ വിട്ടുനിന്നപ്പോള്‍, പോരാട്ടത്തിന്റെ നേതാക്കളുടെ നേതൃത്വത്തില്‍ സമരക്കാര്‍ കഴിഞ്ഞ ഏപ്രില്‍ 14 ന് മതില്‍ തകര്‍ത്തു.
 
ഇതിനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും സ്ഥലത്തിന്റെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം സമരം തുടര്‍ന്നു. സമരക്കാര്‍ ക്ഷേത്രത്തിനു മുന്നില്‍ കെട്ടിയിരുന്ന പന്തല്‍ ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് പൊലീസ് പൊളിച്ചു നീക്കിയതാണ് ഒടുവിലത്തെ സംഘര്‍ഷത്തിനു കാരണമായത്. ക്ഷേത്രത്തിന്റെ മതില്‍ മൂലം വീട്ടിലേക്ക് വഴി തടസ്സപ്പെട്ടെന്നും ക്ഷേത്രത്തിലോ മതിലിനുള്ളിലോ കയറുന്നതില്‍ നിന്ന് ദളിത് വിഭാഗത്തെ വിലക്കിയെന്നുമുള്ള ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതാണ്.
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.