ദിശയുടെ ജന്മദിനത്തില്‍ കൃഷ്‌ണേട്ടനും കുടുംബത്തിനും സ്വപ്‌നസാഫല്യം

Tuesday 6 February 2018 6:44 pm IST

 

കണ്ണൂര്‍: സന്നദ്ധ സേവന സംഘടനയായ ദിശക്ക് അതിന്റെ രണ്ടാം ജന്മദിനത്തില്‍ നിരാലംബമായ ഒരു കുടുംബത്തിന് വീട് വെച്ചു നല്‍കാനായതില്‍ അഭിമാനിക്കാം. അഴീക്കോട്ടെ കൃഷ്ണനും കുടുംബത്തിനുമാണ് ദിശയുടെ ആഭിമുഖ്യത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം ഇന്നലെ കാലത്ത് ജില്ലാ കലക്ടര്‍ മുഹമ്മദ് അലി നിര്‍വ്വഹിച്ചു.

തന്റെയും കുടുംബത്തിന്റെയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഭീമമായ ചികില്‍സാ തുക കണ്ടെത്താന്‍ ദശാബ്ദങ്ങളോളം പടവെട്ടിത്തളര്‍ന്ന് വരുമാനം ഓരോ ദിവസവും കഷ്ടിച്ച് തള്ളിനീക്കുന്നതിനു പോലും തികയാതെ നില്‍ക്കുമ്പോഴാണ് കൃഷ്ണനെ സഹായിക്കാന്‍ ദിശ മുന്നോട്ടുവന്നത്.

ഒട്ടും സുരക്ഷിതമില്ലാത്ത വാടക വീട്ടിലായിരുന്നു കൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൃഷ്‌ണേട്ടന്റെ കഥ ദിശയുടെ ശ്രദ്ധയില്‍ പെട്ടത്. ചെയര്‍മാന്‍ സി. ജയചന്ദ്രനും ജനറല്‍ കണ്‍വീനര്‍ ടി.വി.മധുകുമാറിന്റെയും നേതൃത്വത്തില്‍ കൃഷ്ണന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ദശാബ്ദങ്ങളായി ഒരു കുടുംബത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് സാഫല്യം പകരുന്ന വഴിത്തിരിവായി.

അഴിക്കോട് തെരുവിന് ചേര്‍ന്നുള്ള സ്ഥലത്തു മാസങ്ങള്‍ കൊണ്ടാണ് ഒരു കൊച്ചു വീട് നിര്‍മ്മിച്ചത്. ഒരിക്കലും നടക്കാത്ത കാര്യം കണ്‍മുന്നില്‍ ഇന്ന് നില്‍ക്കുമ്പോള്‍ കൃഷേട്ടന് നന്ദി പറയാന്‍ വാക്കുകളില്ല. സന്തോഷത്തിന്റെ പൊന്‍വെട്ടം ആ കണ്ണുകളില്‍ മിന്നി തിളങ്ങുമ്പോള്‍ 2016 ഫെബ്രുവരി 6ന് പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിശക്ക് അത് അഭിമാനത്തിന്റെ നിമിഷമായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.