ദേശീയ വിരവിമുക്ത ദിനാചരണം 8ന്

Tuesday 6 February 2018 6:45 pm IST

 

കണ്ണൂര്‍: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി 8ന് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും അംഗന്‍വാടികളിലും വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായിക് അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ 6,40,533 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അദ്ധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. 1 മുതല്‍ 2 വയസ്സുവരെ പകുതി ഗുളിക (200 മിഗ്രാം) പൊടിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുക. 2 മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മിഗ്രാം) ഭക്ഷണത്തിനു ശേഷം ചവച്ചരച്ച് ഒരു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം കഴിക്കണം. സ്‌കൂളുകളിലും അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത 1 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും പ്രായഭേദമെന്യേ ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കും. എന്തെങ്കിലും കാരണത്താല്‍ ഫെബ്രുവരി 8ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 ന് അതിനുള്ള അവസരം ലഭിക്കും. 

മണ്ണില്‍ കളിക്കുന്നതിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവയ്ക്കും കാരണമാവുകയും ചെയ്യുന്നതായി ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജ്യോതി പി.എം പറഞ്ഞു. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പുകളും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സംയുക്തമായാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. 

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 8 ന് രാവിലെ 12 മണിക്ക് കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാവും. 

പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക്, ജില്ലാ ആര്‍സിഎച്ച്. ഓഫീസര്‍ ഡോ.പി.എം.ജ്യോതി, ഡിഡിഇ യു.കരുണാകരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് കെ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.