മാതമംഗലം നീലിയാര്‍ കോട്ടത്ത് അലങ്കാരമായി അടയ്ക്കാത്തൂണുകളൊരുങ്ങി

Tuesday 6 February 2018 7:13 pm IST

 

പിലാത്തറ: ഭക്തര്‍ക്ക് നയന മനോഹര കാഴ്ചയായി ക്ഷേത്രസന്നിധിയില്‍ അടയ്ക്കാത്തൂണുകള്‍ ഒരുങ്ങി. മാതമംഗലം നീലിയാര്‍ കോട്ടത്താണ് പഴുത്ത അടയ്ക്കകള്‍ കൊണ്ടുള്ള അലങ്കാര തൂണുകള്‍ നിര്‍മ്മിച്ചത്.

കളിയാട്ടത്തിന്റെ ഭാഗമായി നീലിയാര്‍ കോട്ടത്ത് ആചാരപ്രകാരം അടയ്ക്കാ തൂണുകളുണ്ടാക്കുന്നത് പതിവാണ്. ലക്ഷണമൊത്ത ഇരുപതിനായിരത്തോളം പഴുത്ത അടയ്ക്കകള്‍ ഉപയോഗിച്ചാണ് അലങ്കാരത്തൂണുകള്‍ ഉണ്ടാക്കിയത്. കൈതപ്രം, പേരൂല്‍, കോയിപ്ര, പാണപ്പുഴ തുടങ്ങിയ കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്ന് നിലം തൊടാതെ അടയ്ക്കാ കുലകള്‍ പറിച്ചെടുത്ത് ദേവസന്നിധിയില്‍ എത്തിച്ചശേഷം വ്രതാനുഷ്ഠാന പ്രകാരം ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നൂലില്‍ കോര്‍ത്ത് പുരുഷന്മാര്‍ തൂണില്‍ വലിച്ചു മുറുക്കിയാണ് തൂണുകള്‍ നിര്‍മ്മിച്ചത്. നീലിയാര്‍ കോട്ടത്തെ അടയ്ക്കാ തൂണുകള്‍ കാണാന്‍ വിദൂരങ്ങളില്‍ നിന്നു പോലും കാഴ്ചക്കാര്‍ എത്തുക പതിവാണ്.

 ക്ഷേത്രത്തിലെ അഞ്ചു ദിവസത്തെ കളിയാട്ടം വ്യാഴാഴ്ച സമാപിക്കും. പുലര്‍ച്ചെ തീച്ചാമുണ്ഡിയുടെ അഗ്‌നിപ്രവേശം, 12 മണിക്ക് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍ എന്നിവയുണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.