ഭക്തന്മാരുടെ ആ ലളിതമാര്‍ഗ്ഗവും പരമപദപ്രാപ്തിയും വിവരിക്കുന്നു (12-6, 7)

Wednesday 7 February 2018 2:30 am IST

എന്നെ ശ്രവണ-കീര്‍ത്തന-സ്മരണാദികളിലൂടെ ഭജിക്കുന്ന ഭക്തന്മാര്‍, എന്നെ സന്തോഷിപ്പിച്ച് ആനന്ദാനുഭൂതി നേടുന്നത് എങ്ങനെ എന്നും എത്ര എളുപ്പത്തിലെന്നും പറയാം.

അവര്‍ എന്നെ മാത്രം ഉത്കൃഷ്ടനായി അറിയുന്നു. ലൗകികസുഖഭോഗങ്ങളോ ജീവാത്മ പരമാത്മ തത്വജ്ഞാനമോ മോക്ഷമോ ആഗ്രഹിക്കുന്നില്ല. അവര്‍ എന്നെ മാത്രം ആശ്രയിക്കുന്നവരാകയാല്‍ അവരെ, ''മത്പരാഃ'' എന്നു ഞാന്‍ വിശേഷിപ്പിക്കുന്നു.

മയി സര്‍വ്വാണി കര്‍മ്മാണി സംന്യസ്യ

ആഹാരം പാകം ചെയ്യുക, ധനം സമ്പാദിക്കുക, ഗൃഹം നിര്‍മ്മിക്കുക തുടങ്ങിയ ലൗകികകര്‍മ്മങ്ങളും യാഗം, ദാനം, അഗ്നിഹോത്രം മുതലായ വൈദികകര്‍മ്മങ്ങളും ധ്യാനം, മന്ത്രജപം, വ്രതാനുഷ്ഠാനം തുടങ്ങി ആത്മീയകര്‍മങ്ങളും ചെയ്യുന്നതായി കാണാം. പക്ഷേ അവ ചെയ്യുന്നത് എന്തെങ്കിലും ഫലം ആഗ്രഹിച്ചുകൊണ്ടല്ല എന്നില്‍ സമര്‍പ്പിതമാകുംവിധം അത്യന്ത പ്രേഷ്ഠനായ് ഞാന്‍ വസുദേവപുത്രനായ ഈ കൃഷ്ണന്‍-പ്രസാദിക്കണം, സന്തോഷിക്കണം, എന്ന ഒരേ ഒരു ഉദ്ദേശ്യത്തോടെ എല്ലാം ചെയ്യുന്നു.

അനന്യേന യോഗേനഏവ

അവരുടെ ഭക്തിയെ അനന്യ ഭക്തിയോഗം എന്ന് പറയാം. എന്നെ അല്ലാതെ വേറെ ഒരു ദേവനേയോ, ഋഷിയേയോ അവര്‍ ഭജിക്കാനാഗ്രഹിക്കുന്നില്ല. ഭക്തിയോഗ മാര്‍ഗ്ഗത്തിലേക്കല്ലാതെ, കര്‍മ്മയോഗത്തിലേക്കോ ജ്ഞാനയോഗത്തിലേക്കോ അവരുടെ ശ്രദ്ധ തെന്നിപ്പോവുകയില്ല. എന്റെ ലോകത്തില്‍ എത്തിച്ചേരണം എന്നല്ലാതെ വേറെ ഒരു ലക്ഷ്യവും അവര്‍ക്കില്ല.

മാം ധ്യായന്തഃഉപാസനേ-

എന്നെക്കുറിച്ചുള്ള ചിന്തയ്ക്ക് ഒരു ചലനവും സംഭവിക്കാതെ, മനസ്സിന്റെയും വാക്കിന്റെയും പ്രവൃത്തിയുടെയും ഒഴുക്ക് എന്നില്‍തന്നെ അവര്‍ എത്തിക്കുന്നു. ഉണരുമ്പോഴും ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും കളിക്കുമ്പോഴും നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും 'ഹരേ കൃഷ്ണാ!' നാമം ജപിക്കുന്നു. അങ്ങനെ എപ്പോഴും അവര്‍ എന്നോടു ബന്ധപ്പെടുത്തി തന്നെ ചെയ്യുന്നു. അവര്‍ ദരിദ്രര്‍ക്ക് സഹായം ചെയ്യും; അനാഥരെ സംരക്ഷിക്കും; അപ്പോഴും ഭക്തന്മാര്‍ അവരിലെ പരമാത്മാവായ എന്നെ സേവിക്കുകയാണ്. മനസ്സ് എന്നില്‍തന്നെ ആവേശപൂര്‍വം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ എന്നെ ധ്യാനിക്കാനും കഥാനാമശ്രവണ കീര്‍ത്തനങ്ങള്‍ ചെയ്യാനും നിത്യം ശീലിച്ച് സ്വഭാവമായി മാറ്റുകയും ചെയ്യും. റേഡിയോവില്‍നിന്ന് എന്നെക്കുറിച്ചുള്ള ഗീതങ്ങള്‍ മാത്രം കേള്‍ക്കും. ടെലിവിഷനില്‍നിന്ന് എന്റെ കഥമാത്രം കേള്‍ക്കും, കാണും. രാവിലത്തെ നടത്തം എന്റെ ക്ഷേത്രത്തില്‍, എന്നെ പ്രദക്ഷിണം വക്കുന്ന രീതിയില്‍ ചെയ്യും. എനിക്ക് നിവേദിച്ച പ്രസാദം മാത്രമേ അവര്‍ ഭക്ഷിക്കുകയുള്ളൂ. ഇങ്ങനെ അവരുടെ മനസ്സു എന്നില്‍ മാത്രം ആവേശിച്ചുനില്‍ക്കും. (മയ്യാവേശിത ചേതസാം)

അവരെ ഞാന്‍ തന്നെ സങ്കടങ്ങളില്‍നിന്ന് രക്ഷിക്കും. എനിക്ക് അവരോട് സ്‌നേഹവും കാരുണ്യവും വളരെ കൂടുതലായി ഉണ്ട്. ജനനമരണ രൂപമായ സംസാര സമുദ്രത്തില്‍നിന്ന് അവരെ ഞാന്‍ തന്നെ ഉദ്ധരിക്കും. മാത്രമല്ല, മായാബന്ധം ലേശംപോലും ഇല്ലാത്ത എന്റെ ലോകത്തിലേക്ക് അവരെ കൊണ്ടുവരികയും ചെയ്യും.

വരാഹ പുരാണത്തില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

''നയാമി പരമം സ്ഥാനം

അര്‍ച്ചിരാദിഗതിം വിനാ

ഗരുഡസ്‌കന്ധമാരോപ്യ

യഥേച്ഛമനിവാരിതഃ''

(= എന്റെ ഭക്തന്‍- സൂര്യലോകം ചന്ദ്രലോകം മുതലായ ദിവ്യലോകങ്ങളില്‍ വസിക്കുകയും, സത്യലോകത്തില്‍ ബ്രഹ്മാവിനൊപ്പം താമസിക്കുകയും അങ്ങനെ കാലക്രമേണ എന്റെ ലോകത്തില്‍ എത്തിക്കുന്ന അച്ചിരാദിഗതി-ആശ്രയിക്കേണ്ടതില്ല. ഗരുഡന്റെ പുറത്ത് ഭക്തനെ കയറ്റി എന്റെ ധാമത്തിലേക്ക് ഞാന്‍ തന്നെ ആനയിക്കും)

ഹേ, പാര്‍ത്ഥ!-പൃഥയുടെ-കുന്തിയുടെ-പുത്രന്മാരായ നിങ്ങളുടെ ഭക്തിയാല്‍ വശീകരിക്കപ്പെട്ട ഞാന്‍ നിങ്ങളെ എത്രയെത്ര സങ്കടങ്ങളില്‍നിന്നു രക്ഷിച്ചു! അതുപോലെ ഞാന്‍ എന്റെ മറ്റു ഭക്തന്മാരെയും രക്ഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.