ഹൃദയാകാശത്തിലിരിക്കുന്ന ആത്മാവ്

Wednesday 7 February 2018 2:30 am IST

മുണ്ഡകോപനിഷത്ത്-13

അക്ഷരബ്രഹ്മത്തെ കൂടുതലറിയാന്‍ വീണ്ടും വീശദീകരിക്കുന്നു

യസ്മിന്‍ ദ്യൗ പൃഥിവീ 

ചാന്തരിക്ഷ-

മോതം മനഃ സഹപ്രാണൈശ്ച സര്‍വ്വൈഃ

തമേവൈകം ജാനഥ 

ആത്മാനമന്യാ

വാചോ വിമുഞ്ചഥാമൃതസൈ്യഷ സേതുഃ

സ്വര്‍ഗ്ഗവും ഭൂമിയും ആകാശവും ഇന്ദ്രിയങ്ങളും മനസ്സും ആശ്രയിച്ചിരിക്കുന്ന ആ ഒന്നിനെ എല്ലാറ്റിന്റേയും ആത്മാവായി അറിയണം. അപരവിദ്യയുമായി ബന്ധപ്പെട്ട മറ്റു വാക്കുകളെ വിടുക. മോക്ഷത്തിനുള്ള പാലം ഇതാണ്. 

ഇക്കാണാകുന്നതെല്ലാം പരമാത്മാവില്‍ ഊടും പാവുംപോലെ ഇഴചേര്‍ന്നിരിക്കുകയാണ്. അങ്ങനെ എങ്ങും നിറഞ്ഞ് ഒന്നായിരിക്കുന്ന അദ്വൈത സത്യത്തെ തന്റെയും എല്ലാറ്റിന്റെയും ആത്മാവായി അറിയുക എന്നതാണ് സുപ്രധാന കാര്യം. കര്‍മ്മങ്ങളേയും മറ്റും വിവരിക്കുന്ന അപരവിദ്യയുമായി ബന്ധപ്പെട്ടതും നാമരൂപങ്ങളുമായി ബന്ധപ്പെട്ടതുമായ എല്ലാ വാക്കുകളേയും തള്ളിക്കളയണം. അമൃതത്വത്തെ നേടാനുള്ള പാലം പരമാത്മജ്ഞാനം തന്നെയാണ്.

അറിയൂ എന്ന് ഇവിടെ ഉദ്‌ബോധിപ്പിച്ചത് ഇന്ദ്രിയജ്ഞാനം നേടാനല്ല. അറിയേണ്ട വിഷയം അറിയുന്ന ആള്‍ തന്നെയായതുകൊണ്ട് സ്വയം ബോധിക്കലാണ് വേണ്ടത്. വമ്പന്‍ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന മൃത്യു സംസാരസാഗരത്തെ മറികടക്കാനുള്ള പാലമാണ് ഈ അറിവ് അഥവാ ആത്മ ജ്ഞാനം.ലൗകികവിഷയങ്ങളില്‍നിന്ന് മനസ്സിനേയും ഇന്ദ്രിയങ്ങളേയും നന്നായി വിടുവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആത്മജ്ഞാനം കിട്ടൂ. ആത്മജ്ഞാനമല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് ഇതര ഉപനിഷത്തുക്കളും പറയുന്നുണ്ട്.

അരാഇവ രഥനാഭൗ 

സംഹതായത്ര നാഡ്യഃ

സ ഏഷോളന്തശ്ചരതേ 

ബഹുധാ ജായമാനഃ

ഓമിത്യേവം ധ്യായഥ ആത്മാനം

സ്വസ്തിവഃ പാരായ തമസഃപരസ്താത്

രഥചക്രത്തിന്റെ ഒത്ത നടുക്ക് നാഭിയില്‍ ആരക്കാലുകള്‍ ഒന്നിച്ച് ചേര്‍ത്തിരിക്കുന്നതുപോലെ എല്ലാ നാഡികളും ഒന്നിച്ചിരിക്കുന്ന ഹൃദയമധ്യത്തില്‍ ഈ ആത്മാവിനെ 'ഓം' എന്ന് ധ്യാനിക്കണം. അറിവില്ലായ്മയുടെ കൂരിരുട്ടിനെ മറികടക്കാന്‍ തടസ്സമില്ലാതിരിക്കട്ടെ. പരമ സത്യത്തില്‍ എത്താന്‍ കഴിയട്ടെ.

നാഡികളെല്ലാം ഒന്നിച്ചുചേരുന്ന ഹൃദയമധ്യത്തില്‍ ബുദ്ധിയുടെ ബോധങ്ങള്‍ക്ക് സാക്ഷിയായി ആത്മാവ് വര്‍ത്തിക്കുന്നു. അന്തഃകരണമായ ഉപാധിയോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ക്രോധം, ഹര്‍ഷം എന്നിങ്ങനെ വിവിധപ്രകാരത്തില്‍ ജനിക്കുന്നതുപോലെയാണ് അവിടെയിരിക്കുന്നത്. ഹൃദയത്തിലിരിക്കുന്ന ആത്മചൈതന്യം ആയിരക്കണക്കിന് നാഡികളിലൂടെയാണ് ദേഹത്തില്‍ പ്രസരിക്കുന്നത്. ആത്മാവിനെ ഓങ്കാരമായി ധ്യാനിച്ച് അജ്ഞാന അന്ധകാരത്തിന്റെ മറുകരയിലെത്തണം. ഇത്രയും കാര്യങ്ങള്‍ ആചാര്യന്‍ ശിഷ്യര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ ആശിര്‍വദിച്ചു. 'ബ്രഹ്മസ്വരൂപന്മാരാവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ അതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങട്ടെ' എന്ന്. ഗുരുവിന്റെ അനുഗ്രഹത്തോടെ മുന്നോട്ടുപോകേണ്ടത് ഓരോ ശിഷ്യനും സാധകനുമാണ്. ആത്മാസാക്ഷാത്കാരമെന്ന ലക്ഷ്യം സ്വയം കൈവരിക്കുകതന്നെ വേണം.

യഃ സര്‍വ്വജ്ഞഃ സര്‍വ്വിദ് 

യസൈ്യഷ മഹിമാ ഭുവി

ദിവ്യേ ബ്രഹ്മപുരേ ഹ്യേഷ വ്യോമ്‌ന്യാത്മാ പ്രതിഷ്ഠിതഃ

സര്‍വ്വജ്ഞനും സര്‍വ്വവിത്തും ഭൂമിയിലെ എല്ലാ മഹിമകളുമായിരിക്കുന്നവനുമായ ആത്മാവ് ദിവ്യമായ ബ്രഹ്മത്തിന്റെ ആസ്ഥാനമായ ഹൃദയാകാശത്തില്‍ പ്രതിഷ്ഠിതനായിരിക്കുന്നു.

സാമാന്യരൂപത്തില്‍ എല്ലാം അറിയുന്നവനാണ് സര്‍വ്വജ്ഞന്‍. വിശേഷരൂപത്തില്‍ ഓരോന്നിലുമായി അറിയുന്നവന്‍ സര്‍വ്വവിത്ത്. ഇക്കാണാകുന്നതെല്ലാം ആത്മാവിന്റെ വിഭൂതികളാണ്. എല്ലാം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ആത്മശക്തിയാലാണ്. എല്ലാറ്റിന്റെയും വിഭൂതിയായ ആത്മാവിനെ സാധകന്മാര്‍ ഹൃദയത്തില്‍ ധ്യാനിച്ച് സാക്ഷാത്കരിക്കുന്നു. അതുകൊണ്ട് ആത്മാവിന്റെ വാസസ്ഥാനം ബ്രഹ്മപുരം ഹൃദയാകാശം എന്നുപറയുന്നു. ഇവിടെയാണ് ആത്മാവ് പ്രതിഷ്ഠിക്കപ്പെട്ടതുപോലെ കുടികൊള്ളുന്നത്. സര്‍വ്വവ്യാപിയായ ആത്മാവിന് പോക്കുവരവോ പ്രതിഷ്ഠയോ വാസ്തവത്തില്‍ ഇല്ല. പ്രതിഷ്ഠിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടുന്നു എന്നുസാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.