ലൈറ്റ് മെട്രോകള്‍ക്ക് വഴിയടയുന്നു

Wednesday 7 February 2018 2:40 am IST
ഇടതുഭരണം ദീര്‍ഘവീക്ഷണം ഇല്ലാത്ത ഒരുകൂട്ടമാളുകളുടെ കൈയിലാണ്. വികസനം അവരുടെ അജണ്ടയില്‍ ഇല്ല. അതാണ് മെട്രോ ഇങ്ങനെ അനന്തമായി നീളുന്നത്. ടോം ജോസുമാരും ഏലിയാസ് ജോര്‍ജുമാരും അടങ്ങുന്ന ഉദ്യോഗസ്ഥ ലോബിയുടെ പിടിയിലാണിന്നു ഭരണം.

വലിയ ആഘോഷങ്ങളോടും അവകാശവാദങ്ങളോടുംകൂടി കൊണ്ടുവന്ന തിരുവനന്തപുരം മെട്രോ ചാപിള്ളയായി അവസാനിക്കാന്‍ പോകുന്നു. മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ജോലിയൊന്നും നടക്കാത്തതുകൊണ്ട് മെട്രോയുടെ കണ്‍സള്‍ട്ടന്റായ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അവരുടെ ഓഫീസ് അടച്ചുപൂട്ടുകയാണ്.   മെട്രോ മാന്‍ ശ്രീധരന്‍ പലതവണ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ കണ്ടിട്ടും പ്രയോജനമുണ്ടായില്ല.  സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തില്‍ തീര്‍ത്തും നിരാശനും അസംതൃപ്തനുമായ  അദ്ദേഹം പിന്മാറ്റത്തിനൊരുങ്ങുകയാണത്രെ. സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും അതുതന്നെ. തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെ സ്വാഭാവിക മരണമടയാന്‍ വിട്ട് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

വര്‍ധിച്ചു വരുന്ന ഗതാഗത തിരക്ക് കുറയ്ക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്തുമാണ് നഗരങ്ങളില്‍  മെട്രോ വേണമെന്നു തീരുമാനിച്ചത്. കേരളത്തില്‍ നടത്തിയ പഠന പ്രകാരം അടുത്ത 25 വര്‍ഷം കഴിയുമ്പോള്‍, അതായത് 2041-ല്‍ തിരുവനന്തപുരത്തെ പീക് അവര്‍ പീക്ക് ഡയറക്ഷന്‍ ട്രാഫിക് (ഗതാഗത തിരക്ക് ) 16042  ആയിരിക്കുമെന്നും, അത് സാധാരണ മെട്രോയുടെ ശേഷിയെക്കാള്‍ വളരെ കുറവായിരിക്കുമെന്നുമുള്ള   കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മെട്രോയ്ക്ക് പകരം ലൈറ്റ് മെട്രോ മതിയെന്ന് തീരുമാനിച്ചത്. കോഴിക്കോട് നടത്തിയ പഠനഫലവും ഇത്തരത്തില്‍ ആയിരുന്നു.  റോഡിന്റെ മധ്യത്തില്‍ ഉയര്‍ത്തുന്ന തൂണുകള്‍ക്കു മുകളിലൂടെയാണ് ലൈറ്റ്  മെട്രോ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മെട്രോ ആകുമ്പോള്‍ നിലവിലുള്ള റോഡിലെ വളവുനിവര്‍ത്താന്‍ വീണ്ടും അധികം ചെലവ് വരും. ലൈറ്റ് മെട്രോയ്ക്ക് അത്തരത്തിലുള്ള പാഴ്‌ച്ചെലവ് ഒഴിവാക്കാം. ഭൂമി ഏറ്റെടുക്കേണ്ടതിലും കുറവുണ്ടാകും. തിരുവനന്തപുരത്ത് ആകെ ഏറ്റെടുക്കേണ്ട 10.80 ഹെക്ടര്‍ ഭൂമിയില്‍ 2.0 ഹെക്ടര്‍ ഭൂമി മാതമേ സ്വകാര്യ വ്യക്തികളുടേതായുള്ളൂ. ബാക്കി സര്‍ക്കാര്‍ ഭൂമിയാണ്. അതുപോലെ കോഴിക്കോട്ട് ആകെ വേണ്ടിവരുന്ന 10.18 ഹെക്ടറില്‍ 1.45 ഭൂമി മാത്രമേ സ്വകാര്യ ഭൂമിയുള്ളൂ. മെട്രോയെ അപേക്ഷിച്ചു ചെലവ് കുറവാണ് ലൈറ്റ് മെട്രോയ്ക്ക്. 

തിരുവനന്തപുരത്തു ടെക്‌നോസിറ്റി മുതല്‍ കഴക്കൂട്ടം വഴി കരമന വരെയുള്ള  21.821 കിലോമീറ്ററാണ് മെട്രോ വരുന്നത്. ഇതിന്റെ ചെലവ് 2014 ലെ  എസ്റ്റിമേറ്റ് അനുസരിച്ച് 3453  കോടിയാണ്. 2021 ല്‍ പദ്ധതി തീരുമ്പോള്‍ ആകെ ചെലവ് 4219 കൂടിയാകും.  കോഴിക്കോട് മെട്രോ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയുള്ള 13.30 കിലോമീറ്റര്‍  ആണ്. ഇതിന്റെ എസ്റ്റിമേറ്റ് 2057 കോടി. ഇത് 2021 ല്‍ പൂര്‍ത്തിയാക്കുമ്പോള്‍ 2509  കോടിയാകും. ആകെ രണ്ടു മെട്രോയ്ക്കുംകൂടി ചെലവ് 6728 കോടി. കേന്ദ്ര-കേരള സംസ്ഥാനങ്ങളുടെ സംയുക്ത പദ്ധതിയാണിത്. കേന്ദ്രവും കേരളവും  പണം മുടക്കും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി വില ഉള്‍പ്പെടെ 1619 കോടി രൂപ മുടക്കുമ്പോള്‍ കേന്ദ്രം 1278 കോടി മുതല്‍ മുടക്കും. 60 ശതമാനം അതായത് 3831 കോടി രൂപ കടമെടുക്കണം.  കിഫ്ബിയില്‍നിന്നുമാകാം.  ഇങ്ങനെയാണ് കേരളത്തിലെ ലൈറ്റ് മെട്രോയുടെ കാര്യത്തില്‍  കേരള സര്‍ക്കാര്‍  തീരുമാനങ്ങള്‍ എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍   പദ്ധതി രേഖ തയ്യാറാക്കാന്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന് ഈ പദ്ധതി നടപ്പിലാക്കാന്‍ യാതൊരു താല്‍പര്യവുമില്ല. മെട്രോയുടെ പണി ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്ന് ധാരണ ഉണ്ടായിരുന്നിട്ടും ഇതേവരെ കരാര്‍ എഴുതിയിട്ടില്ല. കരാര്‍ ഇല്ലാതെ പണി തുടങ്ങാന്‍ കഴിയില്ലല്ലോ. പുതിയ മെട്രോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ റിപ്പോര്‍ട്ടുകളും സര്‍ക്കാരിന് നല്‍കി ഡിഎംആര്‍സി അവരുടെ ഭാഗം കൃത്യമായി ചെയ്തു. പ്രാരംഭ ജോലി മാത്രമായി ഏറ്റെടുക്കാന്‍  ഡിഎംആര്‍സി തയ്യാറല്ല. മെട്രോ പദ്ധതി പൂര്‍ണമായും ഏല്‍പ്പിച്ചാല്‍ മാത്രമേ ഡിഎംആര്‍സി ഏറ്റെടുക്കുകയുള്ളൂ എന്നാണ് ഇ. ശ്രീധരന്‍ അസന്ദിഗ്ദ്ധമായി പറയുന്നത്.

ഇപ്പോഴത്തെ ഭരണനേതൃത്വം ദീര്‍ഘവീക്ഷണം ഇല്ലാത്ത  ഒരുകൂട്ടം ആളുകളുടെ കൈയിലാണ്. നാടിന്റെ വികസനം അവരുടെ അജണ്ടയില്‍   ഇല്ല. അതാണ് മെട്രോ ഇങ്ങനെ അനന്തമായി നീളുന്നത്. ടോം ജോസുമാരും ഏലിയാസ് ജോര്‍ജുമാരും അടങ്ങുന്ന ഉദ്യോഗസ്ഥ ലോബിയുടെ പിടിയിലാണിന്നു ഭരണം.  അവരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ് ഭരണം നടക്കുന്നത്. ഉദ്യോഗസ്ഥര്‍ എഴുതുന്നതിനു കീഴില്‍ 'ശു' വരയ്ക്കുക എന്നത് മാത്രമായി മന്ത്രിമാരുടെ ജോലി. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരുന്നതിനു എതിരുനില്‍ക്കുന്ന ലോബി സജീവമാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ലോബി. അവരാണ് ഇതിനു തടസ്സം നില്‍ക്കുന്നത്. ഡിഎംആര്‍സിക്ക്  കൊടുക്കാതെ സ്വയം നടത്തി കോടികള്‍ അടിച്ചെടുക്കാമെന്ന് ചിന്തിക്കുന്ന വിഭാഗമുണ്ട്. അവരുടെ ശക്തി നമ്മള്‍ കൊച്ചി മെട്രോയിലും കണ്ടതാണ്. ഭരണം ഇങ്ങനെയായാല്‍ സ്വാഭാവികമായും നമ്മള്‍ പ്രതിപക്ഷത്തേക്കാണ് നോക്കുന്നത്. ഇവിടെയും  ഒരു പ്രതിപക്ഷം ഉണ്ടെന്നാണ് സങ്കല്‍പ്പം. ഇടയ്ക്കിടെ നിയമ സഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നുവെന്ന് പത്രങ്ങളില്‍ വായിക്കുമ്പോഴാണ്  അങ്ങനെ ഒരു വിഭാഗം ഉണ്ടെന്നു നമ്മള്‍ അറിയുന്നത്. അവരും മെട്രോയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു. അവരുടെ അജണ്ടയില്‍ ലൈറ്റ് മെട്രോ എന്ന കാര്യമേ ഇല്ല.

ഭാവിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ മെട്രോ പോലുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ മാത്രമാണ് ശാശ്വത പരിഹാരമെന്ന് ഏവര്‍ക്കുമറിയാം. ദല്‍ഹിയിലെ കാര്യം നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. വാഹനങ്ങളില്‍നിന്ന് ബഹിര്‍ഗമിക്കുന്ന പുക മൂടല്‍മഞ്ഞു ഉണ്ടാക്കുകയാണ്. അത്രയില്ലെങ്കിലും തിരുവനന്തപുരത്തും വാഹനങ്ങള്‍ അധികരിക്കുകയാണ്. പൊതുഗതാഗതം ഇല്ലാത്തതാണ് അതിന് പ്രധാന കാരണം. സൗകര്യപ്രദമായ രീതിയില്‍ സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ സ്വകാര്യ വാഹനം ഉപേക്ഷിക്കാന്‍ ധാരാളം ആളുകള്‍ തയ്യാറാണ്. അതിന് സൗകര്യം ചെയ്തു കൊടുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.