അഴിമതിക്കെതിരെ ശബ്ദിക്കരുതെന്ന്

Wednesday 7 February 2018 2:45 am IST

അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരള സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുകയാണ്. ഇതു സംബന്ധിച്ച തുടര്‍ സംഭവഗതികളാണ് ഉണ്ടാവുന്നത്. മന്ത്രിമാര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മുന്നേറുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് നേരെ ചന്ദ്രഹാസമിളക്കുകയാണ് പിണറായി സര്‍ക്കാര്‍. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ചോരയ്ക്കുവേണ്ടിയുള്ള മുറവിളി കാണുമ്പോള്‍ അതാണ് തോന്നുന്നത്. ഏതുവിധേനയും അഴിമതിക്കാര്യങ്ങള്‍ മൂടിവെയ്ക്കാനും വഴിതിരിച്ചുവിടാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സര്‍ക്കാരിനുവേണ്ടി പണിയെടുക്കണം എന്ന ഭീഷണിക്കു മുമ്പില്‍ ഉദ്യോഗസ്ഥരെ തളച്ചിടാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം നിര്‍ബാധം തുടരുകയാണ്. ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഒരുവശത്ത് പറയുമ്പോള്‍ യഥാര്‍ത്ഥ ഫാസിസമാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. ഏതൊക്കെ രംഗത്ത് എങ്ങനെയൊക്കെയാണ് അഴിമതി ഫണം വിടര്‍ത്തിയാടുന്നതെന്ന് തെളിവുസഹിതം ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുമ്പോള്‍ സര്‍ക്കാരിന് അത് അസഹനീയമാവുകയാണ്. അതിന് തടയിടാനാണ് ജേക്കബ് തോമസിന് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നല്‍കിയ കുറ്റപത്രത്തിനുള്ള മറുപടിയില്‍ ആരോപണങ്ങള്‍ ഒന്നൊന്നായി അദ്ദേഹം നിഷേധിക്കുകയും ഉപോദ്ബലകമായ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ സാധാരണജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയെന്ന തന്റെ പ്രഥമ കടമ നിര്‍വഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ജേക്കബ് തോമസ്, ജനപ്രതിനിധികളുടെ സ്വകാര്യ താല്‍പ്പര്യങ്ങളെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്യുന്നു. അത് ചോദ്യം ചെയ്യപ്പെടണമെന്നും അഴിമതിക്കെതിരെ സന്ധിയില്ലാത്ത മുന്നേറ്റം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ പൊയ്മുഖം പിച്ചിച്ചീന്തപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായതാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് പരമോന്നത കോടതിയില്‍ നിന്ന് തുടരെത്തുടരെ തിരിച്ചടികളുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ പഠിക്കുന്നില്ല എന്നതാണ് ഏറ്റവും ലജ്ജാകരമായ വസ്തുത. ഈ സര്‍ക്കാര്‍ അധികാരമേറിയ ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങള്‍ ഉണ്ടായതല്ലാതെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരു കാര്യവും നടപ്പാക്കിയിട്ടില്ല. പാര്‍ട്ടിയും അവരുടെ പിണിയാളുകളും ഒരു ഭാഗത്ത് തടിച്ചുകൊഴുക്കുമ്പോള്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടുകയാണ്. കയ്യേറാനുള്ളതാണ് പൊതുഖജനാവ് എന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞിട്ടുണ്ട്. നിത്യനിദാനച്ചെലവിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് ജനപ്രതിനിധികള്‍ സാമ്പത്തിക ധൂര്‍ത്ത് നടത്തുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊള്ളയില്‍നിന്ന് കൊള്ളിവെപ്പിലേക്ക് നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ അടിയന്തരമായ ജനമുന്നേറ്റം മാത്രമേ ഫലപ്രദമാവൂ എന്ന് സമൂഹം വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.  അതിന് അവസരം നല്‍കാതിരിക്കുന്നതാണ് നല്ലത് എന്നേ ഇത്തരുണത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.