നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാര്‍ വംശനാശത്തിലേക്ക്‌

Wednesday 20 July 2011 10:49 pm IST

കല്‍പറ്റ: നീലഗിരി ജൈവമണ്ഡലത്തില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുമ്പോഴും അവയുടെ നാശത്തിന്‌ കാരണമാകുന്ന മരുന്നിന്റെ വില്‍പന തകൃതി. നിരോധിച്ച ഈ മരുന്നിന്റെ വില്‍പന വനത്തോടുചേര്‍ന്നുള്ള പട്ടണങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ തുടരുന്നു. വളര്‍ത്തുമൃഗങ്ങളില്‍ വേദനസംഹാരിയായി പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ എന്ന മരുന്നിന്റെ വില്‍പനയാണ്‌ തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിനടുത്തുള്ള മസിനഗുഡി, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനടുത്തുള്ള ഗുണ്ടില്‍പേട്ട എന്നിവിടങ്ങളില്‍ തുടരുന്നത്‌.
വളര്‍ത്തുമൃഗങ്ങളില്‍ പ്രയോഗിക്കുന്ന ഡൈക്ലോഫിനാക്‌ ഔഷധത്തിന്റെ വില്‍പന 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണ്‌. ഈ മരുന്ന്‌ പ്രയോഗിച്ചതും പിന്നീട്‌ ചാകുന്നതുമായ മൃഗങ്ങളുടെ മാസം ഭക്ഷിക്കുന്നത്‌ നീലഗിരി ജൈവമണ്ഡലത്തിലും സമീപപ്രദേശങ്ങളിലും കഴുകന്മാരെ കൊന്നൊടുക്കുകയാണെന്ന്‌ ബോംബേ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡൈക്ലോഫിനാക്‌ വില്‍പനയും പ്രയോഗവും തുടര്‍ന്നാല്‍ നീലഗിരി ജൈവ മണ്ഡലത്തില്‍ ഏറെ വൈകാതെ കഴുകന്മാരുടെ കഥകഴിയുമെന്നാണ്‌ അവരുടെ അഭിപ്രായം.
ഈ മരുന്നിന്റെ വില്‍പനയ്ക്കും പ്രയോഗത്തിനുമെതിരെ ഗ്രാമീണര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മെഡിക്കല്‍ഷോപ്പ്‌ നടത്തിപ്പുകാര്‍ എന്നിവരെ ബോധവ്തകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നീലഗിരി ജൈവമണ്ഡലത്തില്‍ വന്യജീവി സങ്കേതങ്ങളിലടക്കം നിരവധി ജനവാസകേന്ദ്രങ്ങളുണ്ട്‌. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ്‌ ഈ ജനവാസകേന്ദ്രങ്ങളിലുള്ളവരുടെ മുഖ്യ തൊഴില്‍. കാലികളെ വനത്തിലാണ്‌ മേയാന്‍ വിടുന്നത്‌. വനത്തില്‍ വച്ചു ചാകുന്ന കാലികളുടെ ജഡം കുഴികുത്തി മറവുചെയ്യാറില്ല. ഇത്‌ ജഡം കഴുകന്മാരും മറ്റും ആഹരിക്കാന്‍ ഇടയാക്കുന്നു. മൃഗങ്ങളുടെ മാംസത്തില്‍ കലര്‍ന്ന ഡൈക്ലോഫിനാക്‌ കഴുകന്മാരുടെ ആന്തരാവയവങ്ങളെ ബാധിക്കുകയും അതുവഴി മരണം സംഭവിക്കുകയുമാണ്‌ ചെയ്യുന്നത്‌.
തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതം, കേരളത്തിലെ വയനാട്‌ വന്യജീവി സങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതം, നാഗരഹോള ദേശീയോദ്യാനം എന്നിവ ഉള്‍പ്പെടുന്നതാണ്‌ നീലഗിരി ജൈവമണ്ഡലം. ബോംബെ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഈയിടെ നീലഗിരി ജൈവമണ്ഡലത്തില്‍ നടത്തിയ സര്‍വെയില്‍ കഴുകന്മാരുടെ എണ്ണം കഴിഞ്ഞ ഒന്‍പത്‌ വര്‍ഷത്തിനിടെ ഗണ്യമായി കുറഞ്ഞതായാണ്‌ കണ്ടെത്തിയത്‌. സര്‍വെയില്‍ നീലഗിരി ജൈവമണ്ഡലത്തിലാകെ 150 ഓളം ചുട്ടിക്കഴുകന്മാരെയാണ്‌ കാണാനായത്‌. എന്നാല്‍ സൊസൈറ്റി 1992ല്‍ നടത്തിയ സര്‍വെയില്‍ മുതുമല വനത്തില്‍ മാത്രം 300 ചുട്ടിക്കഴുകന്മാരെ കണ്ടിരുന്നു.
മുതുമല വനത്തില്‍ കാതിലക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയുടെ എണ്ണവും കുറഞ്ഞു. 1992ലെ സര്‍വെയില്‍ 22 കാതിലക്കഴുകനെയും ഒരു തവിട്ടുകഴുകനെയും കാണാനായി. എന്നാല്‍ അടുത്തിടെ നടന്ന സര്‍വെയില്‍ 20 കാതിലക്കഴുകനെയാണ്‌ കണ്ടത്‌. തവിട്ടുകഴുകനെ കാണാന്‍ കഴിഞ്ഞതുമില്ല. കേരള ഫോറസ്റ്റ്‌ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ വകുപ്പ്‌ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പക്ഷി സര്‍വെയിലും തവിട്ടുകഴുകന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടില്ല. നീലഗിരി ജൈവമണ്ഡലത്തില്‍ തവിട്ടുകഴുകന്റെ വംശം ഇല്ലാതായെന്നാണ്‌ പക്ഷിനിരീക്ഷകരില്‍ പലരുടെയും അഭിപ്രായം.
ഏഴെട്ടു പതിറ്റാണ്ടു മുന്‍പ്‌ വരെ കേരളത്തില്‍ സാധാരണ കാഴ്ചയായിരുന്നു കാതിലക്കഴുകന്‍. 1930ല്‍ ഡോ.സാലിം അലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാവന്‍കോര്‍ ബേര്‍ഡ്‌ സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ കാതിലക്കഴുകന്‍ ധാരാളം ഉള്ളതായി പറയുന്നുണ്ട്‌. നിലവില്‍ വയനാട്‌ വന്യജീവി സങ്കേതത്തിലടക്കം നീലഗിരി ജൈവമണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ കാതിലക്കഴുകന്‍ ഉള്ളത്‌.
-ഫ്രാന്‍സിസ്‌ പൗലോസ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.