നിര്‍ദ്ദിഷ്ട ജലപാത: സിപിഎമ്മിനെതിരെ പാനൂര്‍ മേഖലയില്‍ ജനരോഷമുയരുന്നു

Tuesday 6 February 2018 9:09 pm IST

 

പാനൂര്‍: സിപിഎമ്മിനെതിരെ പാനൂര്‍ മേഖലയില്‍ ജനരോഷമുയരുന്നു. നിര്‍ദ്ധിഷ്ട ജലപാത പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ഇന്നലെ മേലെപൂക്കോം,പാനൂര്‍ വെസ്റ്റ് യുപി സ്‌ക്കൂള്‍ പരിസരം, മൊകേരി തോട്ടുങ്കര എന്നിവിടങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ സിപിഎം കേന്ദ്രമായ മൊകേരിയില്‍ നിരവധി പേര്‍ സമരത്തില്‍ അണിനിരന്നു.

പെരിങ്ങത്തൂരില്‍ നിന്നും ചാടാലപുഴയില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ സ്ഥലം നിശ്ചയിച്ച് ബജറ്റില്‍ 650കോടി തുകയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ മാത്രം നിജപ്പെടുത്തിയ പദ്ധതി കണ്ണൂരിലേക്ക് നീട്ടുകയായിരുന്നു. ഇതു പെരിങ്ങത്തൂര്‍, പന്ന്യന്നൂര്‍, മാക്കുനി വഴിയാണ് മുന്‍പ് തീരുമാനിച്ചത്. ജലപാതക്കെതിരെ പ്രദേശത്ത് വന്‍പ്രതിഷേധം ഉയര്‍ന്നതോടെ സിപിഎം നേതൃത്വം ഇടപ്പെട്ട് പദ്ധതി പാനൂര്‍ മേഖലയിലേക്ക് വഴിതിരിക്കുകയായിരുന്നു. സിപിഎം സ്വാധീന മേഖലയായ പന്ന്യന്നൂര്‍ പഞ്ചായത്തിലെ ആയിരങ്ങള്‍ പാര്‍ട്ടി വിടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പിന്‍മാറ്റ മുണ്ടായത്. എലാങ്കോട്, കണ്ണംവെളളി, മേലെപൂക്കോം, തെക്കെപാനൂര്‍, കാളാച്ചേരി, മൊകേരി ഭാഗത്തേക്ക് പദ്ധതി വരുമെന്ന് ഉറപ്പായതോടെ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനു തയ്യാറായിക്കഴിഞ്ഞു.

10ന് വൈകുന്നേരം 5 മണിക്ക് പാനൂര്‍ ബസ് സ്റ്റാന്റില്‍ വിവിധ കമ്മറ്റികളെ പങ്കെടുപ്പിച്ച് പ്രകടനവും പൊതുയോഗവും നടക്കും. ഡോ:ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജലപാത കടന്നുപോകുന്ന സിപിഎം കേന്ദ്രമായ മൊകേരിയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ അണിനിരന്നു കഴിഞ്ഞു.ജലപാത സ്ഥലം ഏറ്റെടുപ്പിനെ സിപിഎം തടസപ്പെടുത്തില്ലെന്ന് ജില്ലാസെക്രട്ടറി പി.ജയരാജന്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. എന്നാല്‍ നേതൃത്വത്തിന്റെ ഫത്വ തളളിക്കൊണ്ട് പ്രാദേശിക നേതാക്കളടക്കം സ്ത്രീകളും കുട്ടികളും ഇന്നലെ മൊകേരിയില്‍ സമരത്തില്‍ പങ്കെടുത്തു.

വര്‍ഷങ്ങളായി ജീവിച്ച മണ്ണില്‍ നിന്നും ജീവന്‍ പോയാലും മാറില്ലെന്നും സമരം ശക്തമാക്കുമെന്നും വേണ്ടിവന്നാല്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും സമരസമിതി അംഗങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. നാലുവരിപ്പാതയും ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും പാനൂര്‍ കേന്ദ്രീകരിച്ച് വന്നു കഴിഞ്ഞു. പൈപ്പ്‌ലൈന്‍ പദ്ധതി ഏതാണ്ട് പൂര്‍ത്തിയായ നിലയിലുമാണ്. ഇതിനു പുറമെയാണ് ജനദ്രോഹപരമായ ജലപാതയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ കരുനീക്കത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് പാനൂര്‍ മേഖലയിലെ ഒരു കൂട്ടം ജനങ്ങള്‍.

നിര്‍ദ്ദിഷ്ട ജലപാതക്കെതിരെ മേലെപൂക്കോം, പാനൂര്‍ വെസ്റ്റ്് യുപി സ്‌ക്കൂള്‍ പരിസരത്തെ സമരസമിതി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കെ.കെ.പ്രേമന്‍, കെ.പ്രകാശന്‍, സി.പി.മുകുന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 10ന് ബഹുജന പ്രകടനവും ബസ് സ്റ്റാന്റില്‍ പൊതുയോഗവും നടക്കും. ഡോ:ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.