കുരീപ്പുഴയുടെ ആരോപണം അടിസ്ഥാനരഹിതം: കുമ്മനം

Tuesday 6 February 2018 9:20 pm IST

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ മര്‍ദ്ദിച്ചതായി ശ്രീകുമാര്‍ പോലും പരാതി പറഞ്ഞിട്ടില്ല. ആക്രോശിച്ചു, അസഭ്യം പറഞ്ഞു എന്നൊക്കെയാണ് അദ്ദേഹം ആദ്യം പറഞ്ഞത്. 

എന്നാല്‍ വധശ്രമത്തിനും സംഘം ചേര്‍ന്ന കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് സിപിഎം തിട്ടൂരമനുസരിച്ച് പോലീസ് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്.

ഗ്രന്ഥശാലയുടെ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ അവിടെ കൂടിയ നാട്ടുകാര്‍ ചോദ്യം ചെയ്തു എന്നത് സത്യമാണ്. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ആര്‍എസ്എസിനേയും എന്‍എസ്എസിനേയും പറ്റി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ മൈക്കില്‍ കൂടി പ്രസംഗിച്ചതിനെയാണ് അവര്‍ ചോദ്യം ചെയ്തത്.

ഇതാണ് കൈയേറ്റമായി പ്രചരിപ്പിക്കുന്നത്. ഇതിന് ശ്രീകുമാര്‍ കൂട്ടു നില്‍ക്കരുത്. സത്യം പറയാന്‍ ബാധ്യതയുള്ളയാളാണ് കവി. 

കവി എന്ന വാക്കിനോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ ഈ കള്ളപ്രചരണത്തിനെതിരെ കുരീപ്പുഴ ശ്രീകുമാര്‍ രംഗത്തു വരണം. അവിടെ നടന്നത് ജനങ്ങളോട് തുറന്നു പറയണം. 

ഹിന്ദു ദേവീദേവന്മാരെ അവഹേളിച്ചതിനും വിശ്വാസം വ്രണപ്പെടുത്തി സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനും കുരീപ്പുഴയ്‌ക്കെതിരെ കേസടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.