കുമരകത്ത് സംഘര്‍ഷത്തിന് സിപിഎം നീക്കം

Wednesday 7 February 2018 2:00 am IST
കോട്ടയം: മാര്‍ക്‌സിസ്റ്റ് പോലീസ് കൂട്ടുകെട്ടിനെതിരെ ബിജെപി തിങ്കളാഴ്ച കോട്ടയത്ത് നടത്തിയ പ്രതിഷേധ സമര ജ്വാല നടക്കുന്നതിനിടെ കുമരകം പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ സിപിഎം അക്രമം.

 

കോട്ടയം: മാര്‍ക്‌സിസ്റ്റ് പോലീസ് കൂട്ടുകെട്ടിനെതിരെ ബിജെപി തിങ്കളാഴ്ച കോട്ടയത്ത് നടത്തിയ പ്രതിഷേധ സമര ജ്വാല നടക്കുന്നതിനിടെ കുമരകം പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ സിപിഎം അക്രമം. 

കുമരകം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം ചെട്ടിയാകുളം പുത്തന്‍പുരയില്‍ പി.കെ. സേതുവിന്റെ വീടാണ് നാല്‍പ്പതോളം പേരടങ്ങുന്ന സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. കമ്പിവടി ഉള്‍പ്പെടെയുള്ള മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയത്. ആക്രമണത്തില്‍ വീടിന്റെ കതകുകളും ജനലുകളും തകര്‍ന്നു. കുമരകത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അക്രമം. 

സ്ഥലത്തെ കോളനി പ്രദേശത്ത് സിഎസ്ഡിഎസ് പ്രവര്‍ത്തകരും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായി. സിഎസ്ഡിഎസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. രണ്ടു സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് മാരകമായ മുറിവേറ്റു. ഈ അക്രമത്തിനുശേഷം തിരികെവന്ന സിപിഎം പ്രവര്‍ത്തകരാണ് സേതുവിന്റെ വീട് അടിച്ചുതകര്‍ത്തത്. നിരവധി കേസുകളില്‍ പ്രതിയും പോലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത് കുപ്രസിദ്ധനായ അമ്പിളിയെന്ന മിഥുനും ഇയാളുടെ സഹോദരന്‍ ജ്യോതിയുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

അഞ്ചു മാസങ്ങള്‍ക്കുമുമ്പ് സേതുവിന്റെ വീട് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചായത്തു യോഗത്തിനെത്തിയ സേതുവിനെയും  ജയകുമാറിനെയും സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സകഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് സേതുവിന്റെ വീടിന് തീവച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു പിന്നിലും മിഥുനും കൂട്ടാളികളുമാണ്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറുകുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

ആക്രമിക്കപ്പെട്ട വീട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.ആര്‍. സജീവ്, സേവാ പ്രമുഖ് ആര്‍. രാജേഷ്, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.