പ്രൊഫസറെ പിരിച്ചുവിട്ടത് ഹൈക്കോടതി ശരിവെച്ചു

Wednesday 7 February 2018 2:30 am IST

കൊച്ചി: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. സി.പി.വി. വിജയകുമാരനെ പിരിച്ചുവിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. 

2017 ജൂലായ് നാലിനാണ് വിജയകുമാരനെ സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ അസോ. പ്രഫസറായി നിയമിച്ചത്. ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം നടത്തി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ നവംബര്‍ 30ന് വിജയകുമാരനെ പിരിച്ചുവിട്ടു. 

ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രഫസര്‍ തസ്തികയിലേക്ക് തന്നെ നിയമിക്കാതെ അസോസിയേറ്റ് പ്രഫസറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നെന്നും ഇതിലുള്ള വിരോധത്തെത്തുടര്‍ന്നാണ് തന്നെ പിരിച്ചുവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതി പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മറുപടി പരിഗണിക്കാതെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. 

എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളി. വസ്തുതകള്‍ പരിശോധിച്ചാല്‍ ബാഹ്യപ്രേരണയാലോ ദുരുദ്ദേശ്യത്താലോ സ്വീകരിച്ച നടപടിയാണെന്ന് കരുതാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.