കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കാതെ കേരളം

Wednesday 7 February 2018 2:30 am IST

പാലക്കാട്: ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന് വിലങ്ങുതടിയായി കേരളം. മറ്റെല്ലാ സംസ്ഥാനങ്ങളും അനുകൂലമായ നിലപാടെടുത്തപ്പോള്‍ കേരളം പിന്‍തിരിഞ്ഞു നല്‍ക്കുകയാണ്.  സ്‌ററാമ്പ്  നികുതിയിനത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട വലിയതോതിലുള്ള ഇളവാനുകൂല്യമാണ് നഷ്ടമാകുന്നത്.

കേന്ദ്ര ബജറ്റിനു മുമ്പ് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ജിഎസ്്ടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം വിരുദ്ധ നിലപാട് സ്വീകരിച്ചത്. ഭൂമി രജിസ്‌ട്രേഷന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഭൂമി വിലയുടെ എട്ടുശതമാനമാണ്  സ്റ്റാമ്പ് നികുതി. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത് പരമാവധി ആറുശതമാനമാണ്. തമിഴ്‌നാട്ടില്‍ നാല് ശതമാനവും. 

സംസ്ഥാന ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.മുന്‍ എല്‍ഡി എഫ് സര്‍ക്കാര്‍ 10 ശതമാനവും യുഡിഎഫ് സര്‍ക്കാര്‍ 50 ശതമാനവും ന്യായവില വര്‍ദ്ധിപ്പിച്ചിരുന്നു.ഇതിനുപുറമെയാണ് ഇപ്പോഴത്തെ 10 ശതമാനം വര്‍ദ്ധനവ്.  കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതി ഒന്നില്‍ നിന്ന് രണ്ടുശതമാനമാക്കി. രജിസ്ട്രഷന്‍ കഴിഞ്ഞ് മൂന്നുമാസത്തിനകം ഭൂമി മറിച്ചുവില്‍ക്കണമെങ്കില്‍ ഇരട്ടിതുക സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. ആനുപാതികമായി മറ്റു സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  

ഭൂമി രജിസ്‌ട്രേഷനില്‍ ജിഎസ്ടി വന്നാല്‍ നികുതി പരമാവധി അഞ്ചു ശതമാനത്തില്‍ നില്‍ക്കും. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസംലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.