നടിയെ ആക്രമിച്ചകേസ്: വിചാരണ ഉടന്‍

Wednesday 7 February 2018 2:30 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. ഇതിന്റെ ഭാഗമായി  നടന്‍ ദിലീപ് ഉള്‍പ്പെടെ ജാമ്യത്തിലിറങ്ങിയവരും റിമാന്‍ഡില്‍ കഴിയുന്നവരുമായ പ്രതികള്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

 നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണമെന്ന ദിലീപിന്റെ പരാതിയിലും അങ്കമാലി കോടതി ബുധനാഴ്ച വിധി പ്രഖ്യാപിച്ചേക്കും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏതാനും രേഖകള്‍ നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. നടി ആക്രമിക്കപ്പെട്ട വാഹനം കടന്നുപോയ സ്ഥലത്തെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലവും കൈമാറിയിട്ടുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നാണ് പോലീസ് കോടതിയില്‍ ഉന്നയിക്കുന്ന വാദം.

കൂട്ടബലാത്സംഗം, ഗൂഢാലോചന, പ്രേരണ, തട്ടിക്കൊണ്ടുപോകല്‍ അടക്കം 16 വകുപ്പുകള്‍ ചേര്‍ത്താണ് ദിലീപിനെതിരെ കുറ്റപത്രം. തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതി അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച് സാങ്കേതിക പിഴവുകള്‍ പരിഹരിച്ച ശേഷമാണ് വിചാരണ കോടതിയിലേക്ക് കേസ് മാറ്റുന്നത്. ആവശ്യമായ രേഖകളും തെളിവുകളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടോയെന്നും പ്രതികള്‍ക്ക് ലഭിക്കേണ്ട രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ടോയെന്നും മജിസ്‌ട്രേ്റ്റകോടതി പരിശോധിക്കും. തുടര്‍ന്നാണ് കേസ് വിചാരണ കോടതിയിലേക്ക് മാറ്റുക.

2017 ഫെബ്രുവരി 17ന് രാത്രി 8.30നാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.