ശ്രീഉണ്ണിയുടെ കുടുംബം ആശ്വാസ തീരത്ത്

Tuesday 6 February 2018 9:43 pm IST

ഉദുമ: ദിവസങ്ങളുടെ ആശങ്കയ്‌ക്കൊടുവില്‍ ഫോണ്‍ വിളിയെത്തി;  ശ്രീഉണ്ണിയുടെ കുടുംബം ആശ്വാസ തീരമണഞ്ഞു. ആഫ്രിക്കന്‍ തീരത്തുവെച്ച് നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ച വാര്‍ത്തയെത്തിയതോടെയാണ് കപ്പലിലുണ്ടായിരുന്ന കാസര്‍കോട് ഉദുമ പെരിലാവളപ്പ് ശ്രീഉണ്ണിയുടെ കുടുംബത്തിന് ആശ്വാസമായത്. കപ്പലിലുണ്ടായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ജീവനക്കാരും സുരക്ഷിതരാണ്.

ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു മോചനം. തുടര്‍ന്ന് യൂറോപ്പിലെ ജിബ്രാള്‍ട്ടറിലേയ്ക്ക് കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ശ്രീഉണ്ണി വീട്ടുകാരെ അറിയിച്ചു. കപ്പലിന്റെ മോചനവിവരം കമ്പനിയും ശ്രീഉണ്ണിയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ജനുവരി 31ന് ശ്രീഉണ്ണി പിതാവ് അശോകനെ വിളിച്ച് സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കപ്പല്‍ കാണാനില്ലെന്ന വിവരം ശ്രീഉണ്ണിയുടെ വീട്ടില്‍ വിളിച്ച് കമ്പനി അധികൃതര്‍ അറിയിച്ചത്. കാണാതായ എണ്ണക്കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളേയും മറ്റും സഹായിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്  ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ തുറന്നിരുന്നു. 

യൂറോപ്പിലെത്തിയശേഷം ജീവനക്കാര്‍ മാറുമെന്നും പത്തു ദിവസത്തിനകം നാട്ടിലെത്തുമെന്നുമാണ് ശ്രീഉണ്ണി വീട്ടുകാരെ അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.