റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് ബജറ്റില്‍ തുകയില്ല, മാണി ഗ്രൂപ്പില്‍ അമര്‍ഷം

Wednesday 7 February 2018 2:30 am IST

കോട്ടയം: സംസ്ഥാന ബജറ്റില്‍ റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് തുക അനുവദിക്കാത്തത് കെ.എം. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് തിരിച്ചടിയായി. കെ.എം. മാണിയുടെ അഭിമാന പദ്ധതിയായിട്ടാണ് ഈ ഫണ്ടിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഈ വര്‍ഷത്തെ ബജറ്റിലും വിലസ്ഥിരതാ പദ്ധതിക്ക് തുക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പദ്ധതിക്കായി നയാപൈസാ പോലും ധനമന്ത്രി തോമസ് ഐസക് അനുവദിച്ചില്ല. പദ്ധതി അട്ടിമറിച്ചെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രവേശനം പ്രതീക്ഷിക്കുന്ന മാണിയും കൂട്ടരും തീര്‍ത്തും പ്രതിരോധത്തിലായി.

റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ഇടത് മുന്നണിയിലേക്ക് എന്തിന് പോകുന്നുവെന്ന ചോദ്യമാണ് മാണി ഗ്രൂപ്പിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പദ്ധതി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമായാണ് മാണി ഗ്രൂപ്പിലെ യുഡിഎഫ് അനുകൂലികള്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 500 കോടി അനുവദിച്ചിരുന്നെങ്കിലും പുതിയ ബജറ്റില്‍ ഫണ്ടില്ല.

മലയോര കര്‍ഷകരെ കോണ്‍ഗ്രസ് ദ്രോഹിച്ചെന്ന് കഴിഞ്ഞ ദിവസം മാണി പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. ലേഖനത്തെ പി.ജെ.ജോസഫ് തള്ളിപ്പറഞ്ഞതോടെ മാണി ഗ്രൂപ്പിലെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് രണ്ട് അഭിപ്രായമാണുള്ളതെന്ന് വ്യക്തമായതാണ്. ജോസഫിന്റെ എതിര്‍പ്പിനെ മാനിക്കാതെ എല്‍ഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുറപ്പാണ്.

ഇടുക്കിയിലെ പട്ടയമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും മാണി ഗ്രൂപ്പില്‍ അഭിപ്രായമുണ്ട്.  പ്രതിപക്ഷത്തിരുന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തുക മാത്രമാണ് സിപിഎം ചെയ്തത്. ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത് മാണി കൂടി ഉള്‍പ്പെട്ട യുഡിഎഫ് സര്‍ക്കാരാണെന്നാണ് ഇക്കൂട്ടരുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.