വെള്ളക്കെട്ട് ഒഴിവാക്കാന്‍ മെട്രോമാന്റെ പദ്ധതി

Wednesday 7 February 2018 2:00 am IST

കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പദ്ധതിയുമായി മെട്രോമാന്‍ രംഗത്ത്. മഴക്കാലത്ത് കൊച്ചിയെ ഏറെ ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരവുമായാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ചാണിത്.

കാനകള്‍ വികസിപ്പിച്ചും കൃത്യമായ ആസൂത്രണത്തോടെയും നഗരത്തില്‍ നിന്ന് മഴവെള്ളം കൊച്ചി കായലിലെത്തിക്കുകയാണ് പദ്ധതി. കൊച്ചിയെ വെള്ളക്കെട്ട് വിമുക്തമാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ഇന്നലെ മേയര്‍ സൗമിനി ജയിനിനൊപ്പം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ ശ്രീധരന്‍  സന്ദര്‍ശിച്ചു.

 എല്ലാ വകുപ്പുകളുടെയും പിന്തുണയുണ്ടെങ്കില്‍ കൊച്ചിയിലെ വെള്ളക്കെട്ടിന് സ്ഥിരം പരിഹാരം കണ്ടെത്താനാകുമെന്ന് ഇ.ശ്രീധരന്‍ ഉറപ്പുനല്കിയിട്ടുണ്ട്. 30 വര്‍ഷത്തേക്കെങ്കിലും കൊച്ചിയെ വെള്ളക്കെട്ടില്‍ നിന്ന് മുക്തമാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പദ്ധതിക്ക് സാങ്കേതിക സഹായം മാത്രമാണ് ഇ. ശ്രീധരനില്‍ നിന്ന് നഗരസഭ തേടിയിരിക്കുന്നത്. ഡിഎംആര്‍സിയ്ക്ക് പദ്ധതിയില്‍ റോളില്ല. ഇ. ശ്രീധരന്‍ പ്രസിഡന്റായഎഫ്ആര്‍എന്‍വി എന്ന സംഘടന വഴിയാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുക. വിശദമായ രൂപരേഖ കോര്‍പ്പറേഷന് കൈമാറും. 

പദ്ധതി നടപ്പാക്കുന്നതോടെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ചെലവാക്കുന്നത് ഒഴിവാക്കാനാകും. കൊച്ചി നഗരത്തില്‍ നിന്ന് കൊതുകുകള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളും ശ്രീധരന്റെ ആശയത്തിലുണ്ട്. ഇതും താമസിയാതെ യാഥാര്‍ത്ഥ്യമാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.