ചികിത്സയ്ക്ക് പണമില്ലാതെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരന്‍ മരിച്ചു

Wednesday 7 February 2018 2:30 am IST

വൈപ്പിന്‍: അടിയന്തര ചികിത്സയ്ക്ക് പണമില്ലാതെ,  ഹൃദ്രോഗം ബാധിച്ച കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരന്‍ മരിച്ചു. പുതുവൈപ്പ് വലിയപറമ്പില്‍ പരേതനായ വാരിജാക്ഷന്റെ മകന്‍ റോയി(59)യാണ് മരിച്ചത്. അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങിയതാണ് മരണകാരണം. 

റോയി ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പണം കണ്ടെത്താനായില്ല. കുറച്ചുകാലം ആയുര്‍വേദ ചികിത്സനടത്തി. പെന്‍ഷന്‍ മുടങ്ങിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയായായിരുന്നു അന്ത്യം. 

കണ്ടക്ടറായിരുന്ന റോയി 34 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചത്. വിരമിക്കല്‍ ആനുകൂല്യം പോലും റോയിക്ക് ലഭിച്ചില്ല. പെന്‍ഷനും കൃത്യമായി ലഭിക്കാതായതോടെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകയായിരുന്നു. ഭാര്യ ബിന്ദു വീട്ടുജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ്  കുടുംബം കഴിഞ്ഞിരുന്നത്. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. ഇളയകുട്ടി പത്താം ക്ലാസ്സ്—വിദ്യാര്‍ഥിയാണ്. ഭാര്യ: ബിന്ദു. മക്കള്‍: സിന്ധ്യ, ബിന്ധ്യ. മരുമകന്‍: ടോണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.