ദേശീയ സീനിയര്‍ വോളി 21 മുതല്‍ കോഴിക്കോട്ട്

Wednesday 7 February 2018 2:30 am IST

കൊച്ചി: 66-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 21 മുതല്‍ 28 വരെ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രൊഫ. നാലകത്ത് ബഷീര്‍ പറഞ്ഞു. 16 വര്‍ഷത്തിനുശേഷമാണ് കേരളം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. കോഴിക്കോട് സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.

പുരുഷ-വനിതാ വിഭാഗങ്ങളിലായി ആകെ 54 ടീമുകളാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 28 പുരുഷ ടീമുകളും 26 വനിത ടീമുകളും. ഏഷ്യന്‍ ഗെയിംസിനുള്ള പുരുഷ-വനിതാ ടീമുകളെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്.

ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ ലോഗോയും ഇന്നലെ പ്രകാശനം ചെയ്തു. ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന സ്‌പോണ്‍സറായ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലാനാണ് ലോഗോ പ്രകാശനം ചെയ്തത്. വോളിബോള്‍ കേരളത്തിന്റെ സംസ്‌കാരമാണെന്നും സംസ്ഥാനത്ത് എവിടെ സഞ്ചരിച്ചാലും വോളിബോള്‍ കളിക്കുന്നത് കാണാനാവുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ക്ക് ഗോകുലം ട്രോഫിയാണ് ഇക്കുറി സമ്മാനിക്കുക. 

20ന് വൈകിട്ട് അഞ്ചിന് കാലിക്കറ്റ് ട്രേഡ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വോളി ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം കേരളത്തിന് ആദ്യ ദേശീയ കിരീടം സമ്മാനിച്ച കേരള ടീമിന്റെ ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ കെ.സി. ഏലമ്മയുടെ നേതൃത്വത്തില്‍ ദീപശിഖാപ്രയാണം നടത്തും.

ജിമ്മി ജോര്‍ജ്ജ് ഉള്‍പ്പടെ നിരവധി താരങ്ങളെ കണ്ടെത്തിയ അച്യുതക്കുറുപ്പിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും 18 ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാജ്യത്തിന് വേണ്ടി കളിച്ച സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന വോളി താരങ്ങളെയും ആദരിക്കും. സീനിയര്‍ താരങ്ങള്‍ക്കും പ്രിവിലേജ് കാര്‍ഡുകളും സമ്മാനിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് എക്‌സ്‌പോ ഉള്‍പ്പടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ കീഴിലുള്ള താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ കേരള വോളി ലീഗ് ആരംഭിക്കാന്‍ ലക്ഷ്യമുണ്ടെന്ന് പ്രൊഫ. നാലകത്ത് ബഷീര്‍ പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ പി.വി. ഫൈസല്‍, ചാര്‍ളി ജേക്കബ്, ആര്‍. ബിജുരാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.