ചെല്‍സി തകര്‍ന്നു

Wednesday 7 February 2018 2:43 am IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ കിരീട പ്രതീക്ഷകള്‍ അസ്തമിക്കുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ന്നടിഞ്ഞത്. മുപ്പതാം മിനിറ്റില്‍ ചെല്‍സിയുടെ ടിമോവു ബകയോകോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും നീലപ്പടയ്ക്ക് കനത്ത തിരിച്ചടിയായി. ട്രോയ് ഡീനെയ്, ഡാറില്‍ ജാന്‍മാറ്റ്, ജെറാഡ് ഡ്യുലോഫ്യു, റോബേര്‍ട്ടോ പെരേര എന്നിവരാണ് വാറ്റ്‌ഫോര്‍ഡിനായി ഗോള്‍ നേടിയത്. ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ ഏക ഗോള്‍ നേടിയത്. ചെല്‍സിയുടെ തട്ടകത്തില്‍ ചെന്നുള്ള ആദ്യ വിജയമാണ് വാറ്റ്‌ഫോര്‍ഡ് സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ബേണ്‍സ്മൗത്തിനോട് 3-0ന് പരാജയപ്പെട്ട ചെല്‍സിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇത്. പരാജയപ്പെട്ടെങ്കിലും 26 കളികളില്‍ നിന്ന് 50 പോയിന്റുമായി നാലാമതാണ് ചെല്‍സി. എന്നാല്‍ ഒന്നാമതുള്ള സിറ്റിയേക്കാള്‍ 19 പോയിന്റ് പിന്നിലാണ് ചെല്‍സി.

പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടുനിന്നത് ചെല്‍സിയാണെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് വാറ്റ്‌ഫോര്‍ഡ് താരങ്ങളാണ്. മത്സരത്തിലുടനുളം അവര്‍ 21 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ചെല്‍സി ഉതിര്‍ത്തത് 7 എണ്ണം മാത്രം.

കളിയുടെ 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് ലീഡ് നേടിയത്. ചെല്‍സി ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസ് ബോക്‌സിനുള്ളില്‍ ഡ്യുലോഫ്യുവിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍. കിക്കെടുത്ത ട്രോയ് ഡീനെയ്ക്ക് ലക്ഷ്യം തെറ്റിയില്ല. പിന്നീട് 81-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താനും വാറ്റ്‌ഫോര്‍ഡിനായി. എന്നാല്‍ 82-ാം മിനിറ്റില്‍  ബോക്‌സിന് പുറത്തുനിന്ന് ഈഡന്‍ ഹസാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് വാറ്റ്‌ഫോര്‍ഡ് വലയില്‍ കയറിയതോടെ ഗോള്‍ നില 1-1 എന്നായി. സമനില നേടിയ ചെല്‍സിയുടെ ആഹ്ലാദം ഏറെ നിണ്ടുനിന്നില്ല. 84, 88, 91 മിനിറ്റുകളില്‍ ഡാറില്‍ ജാന്‍മാറ്റ്, ജെറാഡ് ഡ്യുലോഫ്യു, റോബേര്‍ട്ടോ പെരേര എന്നിവര്‍ ലക്ഷ്യം കണ്ടതോടെ ചെല്‍സിയുടെ പതനം പൂര്‍ത്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.