വടയമ്പാടി: പ്രശ്‌ന പരിഹാരത്തിന് സാധ്യയേറുന്നു

Wednesday 7 February 2018 2:51 am IST

കൊച്ചി: വടയമ്പാടി ഭജനമഠം ക്ഷേത്ര മൈതാനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യത തെളിയുന്നു. എല്ലാവരുടെയും സഹകരണത്തോടെ മാത്രമെ ഇനി മതില്‍ നിര്‍മ്മിക്കുകയുള്ളൂവെന്ന് ക്ഷേത്രം പ്രസിഡന്റ് ബി. രമേഷ്‌കുമാര്‍ വ്യക്തമാക്കി. ക്ഷേത്രമൈതാനം  മതില്‍ കെട്ടി തിരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വടയമ്പാടി എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലാണ് ഭജനമഠം ക്ഷേത്രം. കരയോഗം പ്രസിഡന്റ് കൂടിയാണ് രമേഷ്‌കുമാര്‍. 

നൂറ്റാണ്ടുകള്‍ പഴക്കമുളള്ള ഭജനമഠം ദേവീക്ഷേത്രത്തിന് ഒരു ഏക്കര്‍ ഇരുപത് സെന്റ്  സ്ഥലമുണ്ട്. ഇരവി രാമന്‍കര്‍ത്തയാണ് സ്ഥലവും ക്ഷേത്രവും കരയോഗത്തിന് കൈമാറിയത്. പിന്നീട്  ഉല്‍സവപ്പറമ്പായി ഉപയോഗിച്ചിരുന്ന, കീഴ്ക്കാവ് സ്ഥിതി ചെയ്യുന്ന 95 സെന്റ്  1981 ല്‍ നായനാര്‍ സര്‍ക്കാര്‍ കരയോഗത്തിന് പതിച്ച് നല്‍കി. ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രം ഭൂമി ഉപയോഗിക്കണമെന്ന നിബന്ധനയോടെയായിരുന്നു ഇത്. 

ഈ മൈതാനം സമീപത്തുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണ്. ഭൂമി കരയോഗത്തിന് പതിച്ച് നല്‍കിയിട്ടും അതിന് തടസ്സമുണ്ടായില്ല. എല്ലാവിഭാഗം ആളുകളും ആരാധന നടത്തുന്ന ക്ഷേത്രമാണിത്. എന്നാല്‍ അടുത്തിടെ ക്ഷേത്രം ഭാരവാഹികള്‍ മൈതാനത്തിനുചുറ്റും മതില്‍ നിര്‍മ്മിച്ചു. സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ്   മതില്‍ നിര്‍മ്മിച്ചത്. 

മതിലിനെതിരെ ഒരു വിഭാഗം വ്യാജ പ്രചാരണം അഴിച്ചുവിട്ടു. ജാതി മതിലാണ് ഇതെന്നപ്രചാരണമായി. മാവോയിസ്റ്റ് മത തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏഴോളം കുടുംബങ്ങള്‍ മതിലിനെതിരെ സമരവുമായി രംഗത്ത് എത്തി. 

 കഴിഞ്ഞ അംബേദ്ക്കര്‍ ജയന്തിക്ക്   ഒരുവിഭാഗം ആളുകള്‍ മതില്‍ പൊളിച്ചു. പിന്നീട്  പോരാട്ടം, ഞാറ്റുവേല, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളൂടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തി.  ഇത്  കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പൊളിച്ചു. പ്രശ്‌ന പരിഹാരത്തിന് കളക്ടര്‍ യോഗം വിളിച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം മത തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ദളിത് ആത്മസംരക്ഷണ സംഗമം പോലീസ് തടഞ്ഞിരുന്നു. പുറത്തു നിന്നുള്ളവരാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹിന്ദു സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഹിന്ദു സമൂഹത്തെ ഒറ്റക്കെട്ടാക്കി പ്രദേശത്തെ  സമാധാന അന്തരീഷം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഹിന്ദു സംഘടനകളും ക്ഷേത്രം ഭാരവാഹികളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.