ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കൊടിമരത്തിനു തേക്ക്തടി കോന്നിയില്‍ നിന്ന്

Wednesday 7 February 2018 2:30 am IST

പത്തനംതിട്ട: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവാലയമായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിമരത്തിനായി തേക്ക്തടി കോന്നി വനമേഖലയില്‍ നിന്ന്. കോന്നി വനം റേഞ്ചിലെ കുമ്മണ്ണൂര്‍ വനത്തില്‍ നിന്നാണ് പുന:പ്രതിഷ്ഠിക്കുന്ന കൊടിമരത്തിന് ലക്ഷണമൊത്ത തേക്കുതടി കണ്ടെത്തിയത്. ഇത് ഇന്നലെ ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഭൂമി പൂജയ്ക്കും വൃക്ഷ പൂജയ്ക്കും ശേഷം മുറിച്ച തേക്കു തടി ഭൂമിയില്‍ സ്പര്‍ശിക്കാതെ ട്രെയിലറില്‍ കയറ്റി.  ഇന്നലെ രാവിലെ 10 മണിയോടെ കോന്നിയില്‍  നിന്നു ഘോഷയാത്രയായി  പുറപ്പെട്ടു. 

രാത്രി വെഞ്ഞാറന്‍മൂട് മാണിക്കോട് മഹാദേവക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് രാവിലെ പ്ലാവിള, പോത്തന്‍കോട്, കാട്ടായിക്കോണം, കഴക്കൂട്ടം, കരിക്കം, ചാക്കവഴി രണ്ടുമണിയോടെ ഈഞ്ചയ്ക്കലിലെത്തും, അവിടെനിന്ന് ആഘോഷപൂര്‍വം പടിഞ്ഞാറേ നടവഴി വൈകിട്ട് അഞ്ചുമണിയോടെ പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളില്‍ എത്തിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഭൂമി, വൃക്ഷ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരി, സജി നമ്പൂതിരി എന്നിവര്‍  കാര്‍മ്മികത്വം വഹിച്ചു. 

ക്ഷേത്രം ചെയര്‍മാന്‍ കെ.ബാബു, അംഗം എസ്.വിജയകുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമര ഘോഷയാത്ര. ശബരിമല സന്നിധാനത്തേതടക്കം പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങളില്‍ കൊടിമര നിര്‍മ്മാണത്തിന്  ഉപയോഗിച്ചത് കോന്നി വനമേഖലയിലെ തേക്കുതടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.