കൈയേറ്റം തടഞ്ഞതിന് എംഎല്‍എയുടെ ഭാര്യയുടെ നേതൃത്വത്തില്‍ സമരം

Wednesday 7 February 2018 2:30 am IST

ഇടുക്കി: മൂന്നാറിന് സമീപം അനധികൃത നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട സ്‌പെഷ്യല്‍ തഹസില്‍ദാറുടെ ഓഫീസ് സിപിഎം എംഎല്‍എയുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശ്രീകുമാറിനെയാണ് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ ഭാര്യയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് തടഞ്ഞ് വെച്ചത്. ഇക്കാനഗറിന് സമീപം ബിനു പാപ്പന്‍ എന്നയാള്‍ സര്‍വ്വേനമ്പര്‍ 62/9ല്‍പ്പെട്ട സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തിവരികയായിരുന്നു. മറ്റൊരു സ്ഥലം പരിശോധിക്കാനെത്തിയ തഹസില്‍ദാര്‍ ഇത് കാണുകയും നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ഇതേ തുടര്‍ന്നാണ് 30ലധികം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിലെത്തി തഹസില്‍ദാരെ ഉപരോധിച്ചത്. സിപിഎം മൂന്നാര്‍ ഏരിയ സെക്രട്ടറി വിജയന്‍, മറയൂര്‍ ഏരിയ സെക്രട്ടറി ലക്ഷ്മണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തഹസില്‍ദാറുടെ പരാതിയില്‍ കൈയേറ്റശ്രമത്തിന് മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.