റാഫേല്‍ കരാര്‍ ആരോപണങ്ങള്‍; അടിസ്ഥാനരഹിതമെന്ന് പ്രതിരോധമന്ത്രി

Wednesday 7 February 2018 2:50 am IST

ന്യൂദല്‍ഹി: റാഫേല്‍ കരാറിനെതിരായ പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതും മറ്റ് കാരണങ്ങളാല്‍ ഉടലെടുത്തതെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യോമസേനയ്ക്കായി ഫ്രാന്‍സിലെ ഡസാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് 2016 സപ്തംബറില്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.

 യുദ്ധവിമാനങ്ങള്‍ മികച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് വാങ്ങുന്നതെന്ന് ലോക്‌സഭയില്‍ എംപിമാരുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ നിര്‍മ്മല വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ അനുമതിക്ക് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. പ്രതിരോധ ഇടപാടുകള്‍ക്കുള്ള മുഴുവന്‍ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. ബിജെപി, ബിജെഡി, സമാജ്‌വാദി പാര്‍ട്ടി, ശിവസേന എംപിമാരാണ് ചോദ്യമുന്നയിച്ചത്.  ഏതാനും മാസങ്ങളായി റാഫേല്‍ കരാര്‍ അഴിമതിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു വരുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണമാക്കിയെങ്കിലും ഫലമുണ്ടായില്ല. 

ഇന്ത്യന്‍ സൈന്യം എത്ര തവണ മിന്നലാക്രമണം നടത്തിയെന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈന്യം ഭീകരരെയും നുഴഞ്ഞുകയറ്റക്കാരെയും നേരിടാറുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2014 മുതല്‍ 16 വരെ ജമ്മു കശ്മീരില്‍ 103 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. ചെയര്‍മാന്‍ വെങ്കയ്യ നായിഡു സംസാരിക്കാനോ വിഷയം ഉന്നയിക്കാനോ അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇന്നലെ രാജ്യസഭ ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭ തടസ്സപ്പെട്ടിരുന്നു. പരാതി ചെയര്‍മാന് എഴുതി നല്‍കുമെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ്മ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, സിപിഐ, സിപിഎം, എന്‍സിപി, ഡിഎംകെ എന്നിവരും ബഹിഷ്‌കരണത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.