എണ്ണക്കപ്പല്‍ കണ്ടെത്തി: ജീവനക്കാര്‍ സുരക്ഷിതര്‍

Wednesday 7 February 2018 2:30 am IST

മുംബൈ: ഇരുപത്തിണ്ട് ഇന്ത്യക്കാരുമായി ആഫ്രിക്കന്‍ തീരത്തു കാണാതായ എംടി മറീന എക്സ്പ്രസ് എന്ന എണ്ണക്കപ്പല്‍ ആറു ദിവസത്തിനു ശേഷം കണ്ടെത്തി. കടല്‍ കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചതായും, കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിലാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, മാലിനി ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. മോചനദ്രവ്യം കൊടുത്താണോ കപ്പല്‍ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. 

കാസര്‍കോട് ഉദുമ സ്വദേശി ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 

ഹോങ്കോങ്ങിലെ ആംഗ്ലോ ഈസ്റ്റേണ്‍ കമ്പനിക്കു വേണ്ടി പെട്രോളുമായി പോയ കപ്പല്‍  ജനുവരി 31നാണ് ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നങ്കൂരമിട്ടത്. പിറ്റേന്ന്  ഗള്‍ഫ് ഓഫ് ഗിനിയയില്‍ വച്ച് കാണാതായി. പനാമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റിന്റെ കീഴിലുള്ള കപ്പലില്‍ 52 കോടി രൂപ മൂല്യമുള്ള 13,500 ടണ്‍ പെട്രോളാണ്  ഉണ്ടായിരുന്നത്.  ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പല്‍ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.