ആന്റണി ഡൊമിനിക് ചീഫ് ജസ്റ്റിസ്

Wednesday 7 February 2018 2:51 am IST

ന്യൂദല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. കേരളത്തിന് പുറമേ കര്‍ണ്ണാടക, ത്രിപുര, മണിപ്പുര്‍, മേഘാലയ ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു.

 ജസ്റ്റിസ് ദിനേശ് മഹേശ്വരിയെ കര്‍ണ്ണാടകയിലും ജസ്റ്റിസ് അജയ് റസ്‌തോഗിയെ ത്രിപുരയിലും ജസ്റ്റിസ് അഭിലാഷകുമാരിയെ മണിപ്പുരിലുംജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ചീഫ് ജസ്റ്റിസ്മാരായി നിയമിച്ചു. ദിനേശ് മഹേശ്വരി നിലവില്‍ മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ്. അജയ് റസ്‌തോഗി രാജസ്ഥാന്‍ ഹൈക്കോടതിയിലെയും തരുണ്‍ അഗര്‍വാല അലഹബാദ് ഹൈക്കോടതിയിലെയും അഭിലാഷ കുമാരി ഗുജറാത്ത് ഹൈക്കോടതിയിലെയും ജഡ്ജിമാരാണ്. 

കഴിഞ്ഞ പതിനേഴ്  വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ജഡ്ജി കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസാകുന്നത്. ഇതിന് മുമ്പ് 2001 ല്‍ ജസ്റ്റീസ് കെ. കെ ഉഷയാണ് ചീഫ് ജസ്റ്റിസായിരുന്ന മലയാളി. 

കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്റണി ഡൊമിനിക് മംഗലാപുരം എസ്.ഡി.എം കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയശേഷം കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലും ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലുമായി 1981 ല്‍ പ്രാക്ടീസ് തുടങ്ങി. 1986 ല്‍ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 ന് ഹൈക്കോടതി ജഡ്ജിയായി. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന നവനീതി പ്രസാദ് സിങ് കഴിഞ്ഞ നവംബറില്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് ആക്ടിങ് ചീഫ് ജസ്റ്റീസായി നിയമിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.