അഭയ കേസ്: കെ.ടി. മൈക്കിള്‍ ഹൈക്കോടതിയില്‍

Wednesday 7 February 2018 2:33 am IST

കൊച്ചി : അഭയ കേസില്‍ പ്രതിയാക്കിയ സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ. ടി മൈക്കിള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെളിവ് നശിപ്പിച്ചെന്നാരോപിച്ച് തിരുവനന്തപുരം സിബിഐ കോടതി ജനുവരി 22 ന് മൈക്കിളിനെ കേസില്‍ നാലാം പ്രതിയാക്കാന്‍ ഉത്തരവിട്ടിരുന്നു. അഭയയുടെ വസ്ത്രങ്ങളും ഡയറിയും നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മൈക്കിളിനെ പ്രതിയാക്കിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ജി. 

കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ പ്രതിയാക്കിയതെന്നും മൈക്കിളിന്റെ ഹര്‍ജിയില്‍ പറയുന്നു. 

സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ രേഖകള്‍ കൈമാറിയിരുന്നു. എന്നാല്‍ വസ്ത്രങ്ങളടക്കമുള്ള തെളിവുകള്‍ 1992 ജൂലായ് ആറിന് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ പാതി വഴിയില്‍ പിന്മാറിയ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.  തോമസ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. സാമുവല്‍ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.