ഈ ചൈനീസ് പയ്യന്‍ യോഗ പഠിപ്പിച്ച് നേടുന്നത് പത്തു ലക്ഷം

Wednesday 7 February 2018 2:50 am IST

ബീജിങ്: പേര് സുന്‍ ചുയാങ്ങ്,ഏഴു വയസ്സേയുള്ളൂ. കമ്യൂണിസ്റ്റ് ചൈനയിലെ ഏറെ പ്രശസ്തനായ യോഗ അധ്യാപകന്‍. യോഗ പഠിപ്പിച്ച് സുന്‍ വര്‍ഷം സമ്പാദിക്കുന്ന പോക്കറ്റ് മണി പത്തു ലക്ഷത്തോളം രൂപ. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ താരമാണിപ്പോള്‍ സുന്‍.

കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലാണ് യുന്നിന്റെ വീട്. നന്നേ ചെറുപ്പത്തില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഓട്ടിസം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം കിട്ടാന്‍ യോഗ നല്ലതാണെന്ന് യുന്നിന്റെ അമ്മ വായിച്ചറിഞ്ഞതാണ്. രണ്ടു വയസുകാനെ യോഗ ക്ലാസില്‍ ചേര്‍ത്തു. മകനെ എല്ലാ ദിവസവും ക്ലാസില്‍ കൊണ്ടുപോകാനുള്ള സൗകര്യത്തിനായി ആ അമ്മ നടത്തിയിരുന്ന കട പൂട്ടി. മകനെ പരിശീലിപ്പിക്കാന്‍ യോഗ പഠിച്ചു. 

രണ്ടു വര്‍ഷത്തിനിടെ സുന്‍ ഓട്ടിസത്തില്‍ നിന്നു പുറത്തു കടന്നു. മാത്രമല്ല യോഗയില്‍ അഗ്രഗണ്യനായി. സുന്‍ യോഗ ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ഏഴു വയസുകാരനു പിന്നാലെ യോഗ സെന്ററുകള്‍ തിരക്കു കൂട്ടി. വിവിധ സെന്ററുകളില്‍ പരിശീലകനാണിപ്പോള്‍ സുന്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത യോഗ അധ്യാപകന്‍ എന്ന ബഹുമതിയും ഇപ്പോള്‍ സുന്നിനു സ്വന്തം.

ചൈനയില്‍ 2000ത്തിനു ശേഷമാണ് യോഗ ജനപ്രിയമായത്. പിന്നീടിങ്ങോട്ട് ചൈനക്കാരുടെ ജീവിതക്രമത്തിന്റെ ഭാഗമായി യോഗ മാറി. യോഗ പഠിപ്പിക്കുന്നതിനും ഔദ്യോഗിക മാനദണ്ഡങ്ങളുണ്ട്. 10,800 രജിസ്റ്റേഡ് യോഗ സെന്ററുകളുണ്ട്.  ചൈനയിലെ യോഗയെക്കുറിച്ച് ഗവേഷണഗ്രന്ഥം പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ അതിന് ഔദ്യോഗിക അംഗീകാരം നല്‍കി. ലോക യോഗ ദിനം ആചരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമുന്നയിച്ചപ്പോള്‍ ശക്തമായി ചൈന പിന്തുണച്ചതും യോഗയുടെ പ്രാധാന്യം അവര്‍ക്ക് അറിയുന്നതു കൊണ്ടു തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.