ഓഖി: മരിച്ചവരുടെ കണക്കില്‍ അവ്യക്തതയില്ലെന്ന് മന്ത്രി

Wednesday 7 February 2018 11:17 am IST

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടെയും, കാണാതായവരുടെയും കണക്കില്‍ സര്‍ക്കാറിന് അവ്യക്തതയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തിരുവനന്തപുരം ജില്ലയില്‍ 49 പേരും കണ്ണൂരും കാസര്‍കോടും ഓരോ ആളുകള്‍ വീതവും മരിച്ചിട്ടുണ്ട്. ഈ മരിച്ച 51 മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു.

103 പേരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാല്‍ അവരെയും മരിച്ചവരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ദുരന്തബാധിതരുടെ കണക്കില്‍ സര്‍ക്കാരിന് അവ്യക്തയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. നിയമസഭയില്‍ വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

അതേസമയം, ഓഖി ദുരന്തത്തില്‍ 104 പേര്‍ മടങ്ങിയെത്താനുണ്ടെന്നാണ് പി. അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനുവരി 19 വരെയുള്ള കണക്കുകള്‍ പ്രകാരം 94.47 കോടി രൂപ ലഭിച്ചുവെന്ന് മുഖ്യമന്ത്രി  അറിയിച്ചു. ഇതില്‍ നിന്നും 24 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.