കാറില്‍ കയറിയ യുവാവിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

Wednesday 7 February 2018 1:11 pm IST

പത്തനാപുരം: കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ മര്‍ദ്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. പിടിച്ചുപറിക്കിടെ ഓടികൊണ്ടിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇളമ്പല്‍ കോട്ടവട്ടം ജങ്ഷന് സമീപം ചെവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. തെന്മല ശിവാലയം വീട്ടില്‍ ശിവകുമാറാണ് (44) അക്രമത്തിന് ഇരയായതും ഗുരുതര പരിക്ക് പറ്റിയതും. പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നാല് പവന്‍ തൂക്കം വരുന്ന മാലയും മൂന്ന് പവന്റെ ചെയിനും സംഘം അപഹരിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് വരാനായി രാത്രി കൊട്ടാരക്കര നിന്ന് പുനലൂരിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു ശിവകുമാര്‍. ഈ സമയം എത്തിയ കാര്‍ യാത്രികര്‍ പുനലൂരിലേക്ക് ആണെന്നു പറഞ്ഞ് ശിവകുമാറിനെ വാഹനത്തില്‍ കയറ്റി. 

കുന്നിക്കോട് ജങ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറിന്റെ മാലയും ചെയിനും പിടിച്ച് വാങ്ങി .പിടിവലി ഉണ്ടാകുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കോട്ടവട്ടത്തിനും ഇളമ്പല്‍ ജങ്ഷനും ഇടയിലുളള കല്‍പാലത്തിങ്കല്‍ ഏലായിലെ തോട്ടിലേക്ക് കാര്‍ മറിഞ്ഞു. പട്രോളിംഗിനെത്തിയ കുന്നിക്കോട് പോലീസാണ് കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടത്. രക്ഷിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം അറിയുന്നത്.മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ ജോജി ജോണ്‍ (24), ടെറിന്‍ (18) എന്നിവരെ പിന്നീട് പോലീസ് ക്‌സറ്റഡിയിലെടുത്തു. കാറിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ രണ്ടായിരുന്നു. രക്ഷപെട്ട കാര്‍ ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമത്തിന് കേസെടുത്ത കുന്നിക്കോട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.