ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടെന്ന് പ്രതിപക്ഷം; നിയമസഭ ബഹിഷ്‌കരിച്ചു

Wednesday 7 February 2018 2:43 pm IST

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും പി.കെ.ബഷീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. 

പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും വീടില്ലാത്തവരെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീകളും മുഖേന നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. വീടില്ലാത്ത അഞ്ച് ലക്ഷം പേര്‍ക്ക് വീട് നിര്‍മിക്കുന്ന വലിയ ഒരു പദ്ധതിയാണ് ലൈഫ് മിഷന്‍. വിവിധ ഭവന പദ്ധതികള്‍ ഏകോപിപ്പിച്ചാണ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്.

പദ്ധതിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. ചില പഞ്ചായത്തുകള്‍ ഭവനരഹിതരെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മതിച്ചു.

ലൈഫ് ഇല്ലാത്ത പദ്ധതിയായി ലൈഫ് മിഷന്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പദ്ധതി വഴി ഒരാള്‍ക്ക് പോലും രണ്ടു വര്‍ഷമായി വീട് നിര്‍മിച്ച് നല്‍കിയിട്ടില്ല. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം കണക്കിലെടുത്ത് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.