അശാന്തന്‍ സംഭവത്തിലും നുണകള്‍ പൊളിയുന്നു; യഥാര്‍ത്ഥ പ്രശ്‌നം അക്കാദമിയിലെ തമ്മിലടി

Wednesday 7 February 2018 4:35 pm IST

കൊച്ചി: ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ സംഘപരിവാറിനെ പെടുത്തിയത് ആസൂത്രിതമെന്ന് വെളിപ്പെടുന്നു. സംഭവത്തില്‍ പ്രചരിപ്പിച്ചത് പലതും നുണയാണെന്ന് വ്യക്തമായി. കവി കുരീപ്പുഴയെ കൊല്ലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന നുണ പ്രചാരണം പൊളിഞ്ഞതിനു പിറകേയാണിത്. 

സിപിഎം കലാകാരന്മാരുടെ ഗ്രൂപ്പു തിരിഞ്ഞുള്ള പാര്‍ട്ടിത്തര്‍ക്കം സംഘപരിവാര്‍ ചെലവില്‍ മറയ്ക്കാനുള്ള പദ്ധതിയായിരുന്നു അശാന്തന്‍ വിവാദം. ജോണി. എം.എല്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കുന്ന വിശദീകരണത്തിലൂടെ പുറത്തുവരുന്നത് ലളിതകലാ അക്കാദമിയിലെ അളിഞ്ഞ കഥകളും രാഷ്ട്രീയ ഗ്രൂപ്പുകളികളും. ന്യൂസ്‌പോര്‍ട്ട് എന്ന വെബ്‌സൈറ്റിലെ ഇന്റര്‍വ്യുവിലാണ് ജോണിയുടെ വെളിപ്പെടുത്തല്‍. 

പിന്നാക്ക വിഭാഗത്തില്‍ പെട്ട സത്യപാലനായിരുന്ന ലളിതകലാ അക്കാദമി ചെയര്‍മാന്‍. സെക്രട്ടറി പൊന്ന്യം ചന്ദ്രനും. ഇവര്‍ തമ്മില്‍ പിണങ്ങി സത്യപാല്‍ രാജിവെച്ചു. നേമം പുഷ്പരാജാണ് ഇപ്പോള്‍ ചെയര്‍മാന്‍. ''ദളിതനായ അശാന്തന്റെ ജഡം ഉപയോഗിച്ച് പൊന്ന്യം ചന്ദ്രനെതിരേ തുറുപ്പിറക്കുകയായിരുന്നു സത്യപാല്‍'' എന്ന് ജോണി പറയുന്നു. 

അശാന്തന്‍ സംഭവം വിവരിക്കുന്ന ജോണി സംഭവസ്ഥലത്തുണ്ടായിരുന്നു. അശാന്തന്റെ ജഡം സംഭവസ്ഥലത്തില്ലാത്തപ്പോഴായിരുന്നു പറയപ്പെടുന്ന സംഘര്‍ഷം. കൗണ്‍സിലറേയും പ്രതിഷേധക്കാരെയും അവിടെ കൊണ്ടുവന്നത് ആരാണെന്ന് ചോദിക്കുന്ന ജോണി സത്യപാലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

''സത്യപാലിന് അക്കാദമിയിലെ വരുമാനമുള്ള ജോലിയായ സെക്രട്ടറി സ്ഥാനമായിരുന്നു ആഗ്രഹം. എന്നാല്‍ ശക്തമായ കണ്ണൂര്‍ ലോബി (സിപിഎമ്മിലെ) യില്‍നിന്ന് പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയായി'' എന്ന് ജോണി വിശദീകരിക്കുന്നു. അക്കാദമി സെക്രട്ടറി സ്ഥാനം വരുമാനമുണ്ടാക്കാന്‍ കഴിയുന്നതാണെന്നും പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുണ്ടെന്നും പറയുന്ന ജോണി, സത്യപാലിന് അനുകൂലമായി കണ്ണൂര്‍ ലോബിക്കെതിരായ പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് ഫേസ്‌ബുക് പോസ്റ്റ് പൊന്ന്യം ചന്ദ്രനെതിരേ സത്യപാലിന് അനുകൂലമായെന്നും വിമര്‍ശിക്കുന്നു. അശാന്തന്‍ സംഭവം സത്യപാല്‍-പൊന്ന്യം ചന്ദ്രന്‍ വഴക്കിനെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തുന്നതാണ് ജോണിയുടെ വിവരണം. 

ലളിതകലാ അക്കാദമിയിലെ രാഷ്ട്രീയക്കളികള്‍ വെളിപ്പെടുത്തുന്ന ജോണി, അവിടത്തെ ദുരൂഹതകളിലേക്കും വിരല്‍ ചൂണ്ടുന്നു. കവിതാ ബാലകൃഷ്ണന്‍ എന്ന ചിത്രകാരി അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് രാജിവെച്ചതിന്റെ പിന്നാമ്പുറക്കഥകള്‍ വിവരിക്കുന്ന ജോണി, സത്യപാല്‍-കവിതാ ബാലകൃഷ്ണന്‍ ബന്ധത്തെ സംശയദൃഷ്ടിയില്‍ നിര്‍ത്തുന്നു. ''സത്യപാല്‍ പറഞ്ഞാല്‍ രാജിവെക്കേണ്ട എന്തോ കുരുക്കില്‍ കവിത പെട്ടിട്ടുണ്ടെന്ന്'' പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.