ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപിക നിയമയുദ്ധത്തിന്

Thursday 8 February 2018 2:45 am IST

അമരാവതി: പാശ്ചാത്യ വേഷത്തില്‍ സ്‌കൂളില്‍ എത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപിക മാനേജ്‌മെന്റിനെതിരെ നിയമയുദ്ധത്തിന്. തിരുപ്പതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രീ വിദ്യാനികേതന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന ബ്യൂലാ റാണി റവദ എന്ന 43 കാരിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നിയമ യുദ്ധം തുടങ്ങിയത്.

പ്രശസ്ത തെലുങ്ക് സിനിമാ നടനും നിര്‍മ്മാതാവുമായ എം. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപന ശൃംഖലയില്‍പ്പെട്ട സ്‌കൂളാണ് ശ്രീ വിദ്യാനികേതന്‍. 2017 സെപ്റ്റംബര്‍ നാലിനാണ് റവദയെ ഇംഗ്ലീഷ്  അധ്യാപികയായി നിയമിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞതും റവദയുടെ വസ്ത്രധാരണം സ്‌കൂളിന്റെ നിലവാരത്തിന് ചേര്‍ന്നതല്ലെന്നും നിയമന ഉത്തരവിലെ 11,13 എന്നീ നിബന്ധനകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടു.

സിലബസ് പൂര്‍ത്തിയാക്കാന്‍ റവദയ്ക്ക് കഴിയാതിരുന്നതും ഒരു കാരണമായി ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ പിരിച്ചുവിട്ട നടപടിയെ ന്യായീകരിക്കാനുള്ള മാനേജ്‌മെന്റിന്റെ വാദമാണിതെന്നും ശരിയായ കാരണം താന്‍ പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ എത്തിയിരുന്നതാണെന്നും റവദ പറഞ്ഞു.  ജന്മം കൊണ്ട് ആന്ധ്രക്കാരിയായ റവദ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് പിരിച്ചുവിടുന്നതിന് മുന്‍പ് ചെയര്‍മാന്‍ പറഞ്ഞിരുന്നുവെന്നും തന്നെ പോലെ  വസ്ത്രധാരണം നടത്തുന്ന അന്യ രാജ്യക്കാരായ അധ്യപകര്‍ക്കെതിരെ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഇത്തരം നപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും റവദ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.