കൂത്താട്ടുകുളം: ആയിരക്കണക്കിന് ആളുകള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കിയ തമ്പുരാന്. പ്രശസ്ത നേത്രചികിത്സാ വിദഗ്ദ്ധനും ശ്രീധരീയം ആശുപത്രി എംഡിയുമായ എന്‍.പി.പി. നമ്പൂതിരിക്കുള്ള വിശേഷണമാണിത്. ഡോക്ടറുടെ കൈപ്പുണ്യം കൊണ്ട് കാഴ്ച തിരിച്ചുകിട്ടിയവര്‍ പറഞ്ഞ തമ്പുരാന് പ്രയോഗം നമ്പൂതിരിയെ കാഴ്ചയുടെ തമ്പുരാനാക്കി. ഡോ. എന്‍.പി.പി. നമ്പൂതിരിയുടെ വേര്‍പാട് നേത്രചികിത്സാ വിഭാഗത്തിന് മാത്രമല്ല, ആയുര്‍വേദത്തിന് തന്നെ വലിയ നഷ്ടമാണ്.
വൈദ്യകുടുംബമായിരുന്ന നെല്ല്യക്കാട്ട്മന പരമേശ്വരന് നമ്പൂതിരിയുടെയും പൈങ്ങാട്ടില്ലത്ത് പാര്‍വ്വതി അന്തര്‍ജനത്തിന്റെയും മകനായി 1949ലാണ് ജനനം. പൂര്‍വ്വികര്‍ രചിച്ച താളിയോലഗ്രന്ഥങ്ങളായിരുന്നു എന്‍.പി.പിയുടെ മുതല്‍ക്കൂട്ട്. വാമൊഴിയായി ആയുര്‍വേദം പഠിച്ചു. 1971-ല്‍ തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നേത്രവിഭാഗം മെഡിക്കല്‍ ഓഫീസറായി. 2004ല്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി വിരമിച്ചു. സര്‍വീസിനിടെ ആയുര്‍വേദ നേത്രചികിത്സാരംഗത്ത് നിരവധി ഗവേഷണങ്ങള്‍ നടത്തി. ഒപ്പം ഒരുപാടുപേര്‍ക്ക് കാഴ്ചയും തിരിച്ചു നല്കി. അങ്ങനെ നെല്ല്യക്കാട്ടുമനയിലെ വല്ല്യഡോക്ടറെന്ന വിളിപ്പേരും നമ്പൂതിരി സ്വന്തമാക്കി.
വീടിനോട് ചേര്‍ന്ന് 1999-ല്‍ എട്ടു കിടക്കകളുമായാണ് ശ്രീധരീയം നേത്രാശുപത്രി സ്ഥാപിച്ചത്. ഇന്ത്യയൊട്ടാകെ 38 ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഒപ്പം ഗവേഷണകേന്ദ്രവും തുറന്നു. സെന്റര്‍ ഓഫ് എക്സലന്‍സ് പദവി നേടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ശ്രീധരീയത്തില്‍ സൗജന്യ ചികിത്സാ വിഭാഗത്തിന് തുടക്കം കുറിച്ചു.
ഡോക്ടറുടെ മരണവിവരം അറിഞ്ഞ് വിദേശത്തുനിന്നുള്ളവര്വരെ കൂത്താട്ടുകുളത്തെ ശ്രീധരീയത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അന്ത്യകര്‍മ്മ ചടങ്ങുകള്‍ നടന്നത്. സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കേന്ദ്രസര്‍ക്കാറിന്റെ വൈദ്യ ഗുരു
കൂത്താട്ടുകുളം: വൈദ്യത്തിലുള്ള മികവിനെ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ (ആയുഷ് വിഭാഗം) എന്‍.പി.പി. നമ്പൂതിരിയെ ഗുരുവായി തിരഞ്ഞെടുത്തു. 2005ലായിരുന്നു ഇത്. ഗുരുകുലമാതൃകയില്‍ പഠിച്ച അറിവുകള്‍ പകര്‍ന്നു നല്‍കാനും നമ്പൂതിരി എപ്പോഴും ശ്രമിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് നമ്പൂതിരിയെത്തേടി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ എത്തിയതും.
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ആയുര്‍വേദ ഡോക്ടര്‍ക്കുള്ള അംഗീകാരമായ ‘വാഗ്ഭട’ അവാര്‍ഡും പതിനഞ്ചിലധികം ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. ഭിഷഗ്വരരത്ന പുരസ്ക്കാരം, ഓസ്കാര്‍ ഓഫ് ഇന്ത്യന്‍ ഹെല്‍ത്ത് കെയറിന്റെ ബെസ്റ്റ് ഡോക്ടര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം, മഹര്‍ഷി പുരസ്ക്കാരം, ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിന് പുരസ്ക്കാരം, രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ഫെല്ലോഷിപ്പ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്ക്കാരം, രാഷ്ട്രീയരത്തന് പുരസ്ക്കാരം, വോയ്സ് ഓഫ് ഗള്‍ഫ് റിട്ടേണിസ് എക്സലന്‍സ് പുരസ്ക്കാരം, കേന്ദ്ര മനുഷ്യാവകാശ മിഷന് ദേശീയ പുരസ്കാരം അന്താരാഷ്ട്ര ഗോള്‍ഡ് സ്റ്റാര്‍ മില്ലേനിയം പുരസ്ക്കാരം എന്നിവ ചിലത് മാത്രം.
ആയുര്‍വേദത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ത്യയിലും വിദേശത്തുമായി നിരവധി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാരമ്പര്യ വൈദ്യകുടുംബത്തില്‍ ഒതുങ്ങിയിരുന്ന നേത്രചികിത്സ അറിവുകള്‍ യുവതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനായി ‘സഹസ്രനേത്രയോഗം’എന്ന അമൂല്യ ഗന്ഥം ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: