കുട്ടനാട്ടിലെ നെല്‍കൃഷി ഓരുവെള്ള ഭീഷണിയില്‍

Thursday 8 February 2018 2:58 am IST


എടത്വാ: അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി ഓരുവെള്ള ഭീഷണിയില്‍. ജലാശയങ്ങളില്‍ നിന്ന് വെള്ളം കയറ്റുന്ന പാടശേഖരങ്ങളില്‍ നെല്‍ചെടി ചുവക്കുന്നതായി കര്‍ഷകര്‍. കതിരിടാന്‍ തുടങ്ങിയ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് ഓരുവെള്ളം ഭീഷണിയിലായത്.
 തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം പൊഴിയും അടയ്ക്കാത്തതാണ് ഓരുവെള്ള ഭീഷണി നിലനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ജലാശയങ്ങളുടെ അടിത്തട്ടിലാണ് ഉപ്പുരസം അനുഭവപ്പെട്ട് തുടങ്ങിയത്. പുറക്കാട് മുതല്‍ കായംകുളം വരെ ഓരുമുട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതിരോധിക്കാന്‍ കഴിയുന്നില്ല. കുട്ടനാടിന്റെ തെക്കന്‍ മേഖലകളിലാണ് ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ അനുഭവപ്പെടുന്നത്.
  ചമ്പക്കുളം തകഴി, പുന്നപ്ര പ്രദേശങ്ങളിലെ നദികളിലും തോടുകളിലും ഓരുവെള്ളം കയറിയിട്ടുണ്ട്. വേനല്‍ ചൂട് കടുക്കുന്നതോടെ ജലാശയങ്ങളില്‍ ഉപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. നെല്‍ ചെടിയില്‍ ചുവപ്പ് കണ്ടെത്തിയ പാടശേഖരങ്ങളില്‍ പ്രതിരോധ മരുന്ന് തളിക്കാന്‍ കൃഷിവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഉപ്പിന്റെ സാന്നിദ്ധ്യമാണ് ചുവപ്പ് കണ്ടത്തിയെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീയപുരത്ത് നിന്ന് വെള്ളം പമ്പുചെയ്യുന്നതാണ് ഉപ്പുവെള്ളത്തിന്റെ അതിപ്രസരണം നേരത്തെ തുടങ്ങിയതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
  മത്സ്യബന്ധനത്തിനും, ടൂറിസത്തിനുമായി തുറന്നിട്ട താല്കാലിക പൊഴിയും ഷട്ടറും അടയ്ക്കാത്തതാണ് ഉപ്പിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്. തോട്ടപ്പള്ളി സ്പില്‍വേ അടയ്ക്കാത്തതിനെ കുറിച്ച് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.