ജലപാതക്കെതിരായ മൊകേരിയിലെ പാര്‍ട്ടി അണികളുടെ പ്രതിഷേധം സിപിഎമ്മിന് തലവേദനയാവുന്നു

Wednesday 7 February 2018 8:06 pm IST

 

പാനൂര്‍: ഞങ്ങളുടെ ജിവനു വിലയില്ലെങ്കില്‍, ഞങ്ങളുടെ വീടിനു വിലയില്ലെങ്കില്‍, ഞങ്ങളുടെ വോട്ടിന് വിലയുണ്ടെന്ന് ഓര്‍ക്കുക, ഓര്‍ക്കുക സര്‍ക്കാരെ... ജലപാതക്കെതിരെ മൊകേരി തോട്ടുമ്മല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിലെ മുദ്രാവാക്യമാണിത്. 

സിപിഎം ശക്തികേന്ദ്രമായ മൊകേരിയിലെ ജനങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഉയര്‍ത്തുന്ന പ്രതിഷേധം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ അവസാനിക്കേണ്ട ഉള്‍നാടന്‍ ജലപാത പദ്ധതി കണ്ണൂരിലേക്ക് നീട്ടുകയും മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന നീക്കവുമാണ് നടക്കുന്നത്. ഇതിനു പുറമെ മുന്‍പ് തീരുമാനിച്ച അളവിട്ട പന്ന്യന്നൂര്‍, മാക്കുനി ഭാഗം മാറ്റിയാണ് പാനൂര്‍ വഴി മൊകേരിയിലേക്ക് പദ്ധതി വഴിതിരിച്ചിരിക്കുന്നത്.

സിപിഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പന്ന്യന്നൂര്‍ പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ, നേതൃത്വം ഇടപ്പെട്ട് പദ്ധതി വഴി തിരിച്ച് കണ്ണംവെളളി, എലാങ്കോട്, മേലെപൂക്കോം, മൊകേരി ഭാഗത്തേക്ക് മാറ്റുകയായിരുന്നു. സിപിഎം പാനൂര്‍ ഏരിയാ നേതാക്കള്‍ മന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച്് ജലപാത പദ്ധതി വഴിമാറ്റിയത്. 

പന്ന്യന്നൂര്‍ ഭാഗമാകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഏറെയുളള പ്രദേശത്തു കൂടിയാണ് പദ്ധതി കടന്നു പോകുകയെന്നും പാനൂര്‍ ഭാഗത്തു കൂടിയാകുമ്പോള്‍ മൊകേരി പ്രദേശം മാത്രമെ പദ്ധതി ഭാഗത്ത് വരുന്നുളളൂവെന്ന വാദം നിരത്തിയാണ് സിപിഎം നേതൃത്വം ആസൂത്രിതമായി പദ്ധതി വഴിമാറ്റിയത് .മൊകേരി, ചമ്പാട് ലോക്കല്‍ കമ്മറ്റി നേതാക്കള്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് നല്‍കിയ ഉറപ്പും മാറ്റത്തിനു കാരണമായി. പാരമ്പര്യമായി ഉറച്ച നിലപാടുളള മൊകേരി സഖാക്കള്‍ പദ്ധതി നടത്തിപ്പിന് തടസ്സം നില്‍ക്കില്ലെന്ന ഉറപ്പാണ് നേതാക്കള്‍ നല്‍കിയതത്രേ.

വീടുകളും സ്വത്തും നഷ്ടപ്പെടുത്തി സര്‍ക്കാര്‍ നടത്തുന്ന ജലപാത അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി മൊകേരി തോട്ടുമ്മല്‍ ഭാഗത്തെ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഇറങ്ങിയതോടെ നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. പാര്‍ട്ടി വിടുമെന്ന ഭീഷണിയും സമരസമിതി അംഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നീക്കി വെക്കുകയും സ്ഥലം പാനൂര്‍ മേഖലയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ പാനൂര്‍ മേഖലയില്‍ സമരം ശക്തമായിക്കഴിഞ്ഞു. സിപിഎം പ്രാദേശിക നേതാക്കളടക്കം സമരസമിതിയില്‍ സജീവമായത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വികസനത്തിനു സ്ഥലമേറ്റെടുക്കുമ്പോള്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഒരു തടസ്സവും ഉണ്ടാക്കരുതെന്ന് ജില്ലാസെക്രട്ടറി പി.ജയരാജന്‍ സമ്മേളന ഘട്ടത്തില്‍ പ്രസ്താവിച്ചിരുന്നു. ഇത് പാര്‍ട്ടി ഘടകങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമരരംഗത്തു നിന്നും ജീവന്‍ പോയാലും പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചാണ് പദ്ധതി പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.