പൊതുമരാമത്ത് വക ഭൂമി കൈയ്യേറ്റം വ്യാപകമാകുന്നു: അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധം വ്യാപകം

Wednesday 7 February 2018 8:09 pm IST

 

സ്വന്തംലേഖകന്‍

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം-ചെങ്ങളായി മേഖലകളില്‍ പൊതുമരാമത്ത് ഭൂമി കൈയ്യേറ്റം വ്യാപകമാകുന്നു. എന്നാല്‍ കയ്യേറ്റം നടക്കുമ്പോഴും അധികൃതര്‍ കാട്ടുന്ന നിസ്സംഗത വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാന പാത, മറ്റ് പ്രധാന റോഡുകള്‍, നേരത്തെ ബസ് ഗതാഗതം പോലും ഉണ്ടായിരുന്ന പഴയ റോഡുകള്‍ ഇവ കേന്ദ്രീകരിച്ചാണ് കൈയ്യേറ്റം നടക്കുന്നത്.

 ശ്രീകണ്ഠാപുരം ഭാഗത്ത് കടകളും സ്വകാര്യ കച്ചവടങ്ങളും റിസോര്‍ട്ടുകളും ഇത്തരത്തിന്‍ കൈയ്യേറ്റം നടത്തിയതായും അന്വേഷിച്ച് ഒഴിപ്പിക്കണമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ പരാതി നല്‍കിയിരുന്നു. ഇരിക്കൂര്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ പരിധിയിലാണ് ഈ ഭൂമി കൈയേറ്റം നടക്കുന്നത്. എന്നാല്‍ പരാതി ലഭിച്ച വിഷയങ്ങളില്‍പ്പോലും ഉചിതമായ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് തയ്യാറാകുന്നില്ല. പൊതുമരാമത്ത് സ്ഥലം സംബന്ധിച്ച് വിവരം ചോദിച്ചപ്പോള്‍ ഓഫീസില്‍ ഇതില്ല എന്നാണ് മറുപടി ലഭിക്കുന്നത്. ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ്, കോട്ടൂര്‍, ഓടത്ത് പാലം എന്നിവിടങ്ങളിലുള്ള കൈയ്യേറ്റത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടും ഒഴിപ്പിക്കല്‍ നടപടിക്കോ സര്‍ക്കാര്‍ ഭൂമി സംരക്ഷണത്തിനോ ബന്ധപ്പെട്ടവര്‍ ശ്രമം നടത്താത്തത് കൈയ്യേറ്റക്കാരെ സംരക്ഷിക്കാനും മാഫിയയെ സഹായിക്കാനും എന്നാണ് ആക്ഷേപം ഉയരുന്നത്. 

പൊതുമരാമത്ത് റോഡുകളുടെ വീതിയും നീളവും സംബന്ധിച്ചും കൃത്യമായ വിവരം ലഭ്യമാവാത്തതിനാല്‍ പലര്‍ക്കും കെട്ടിട നിര്‍മ്മാണവും ക്ലിയറന്‍സ് ലഭിക്കാത്തതുമായ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റവന്യൂ വകുപ്പ് എന്നിവരുമായി യോജിച്ച് പൊതുമരാമത്ത് സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് ആവശ്യം ഉയരുന്നത്. ശ്രീകണ്ഠാപുരം മേഖലകളില്‍ നടക്കുന്ന പൊതുമരാമത്ത് ഭൂമി കൈയ്യേറ്റത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത്  റവന്യൂ മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ചെങ്ങളായില്‍ സംസ്ഥാനപാതയില്‍ അടുത്ത ദിവസം നടന്ന കെട്ടിട നിര്‍മ്മാണം വിവാദമായിരുന്നു. നിശ്ചിത അകലം പാലിക്കാതെയാണ് ഈ നിര്‍മ്മാണം എന്ന് കാട്ടി പഞ്ചായത്ത് പൊതുമരാമത്ത് അധികൃതര്‍ക്ക് ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.