പെരുവല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Thursday 8 February 2018 2:00 am IST
ജില്ലയില്‍ സിപിഎം അക്രമം വീണ്ടും .പെരുവല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

 

പാവറട്ടി: ജില്ലയില്‍ സിപിഎം അക്രമം വീണ്ടും .പെരുവല്ലൂരില്‍  ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പുല്ലൂര്‍ സ്വദേശി തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് (42) വെട്ടേറ്റത്.

 ചൊവ്വാഴ്ച രാത്രി 10.30 ഓടെ സുഹൃത്ത് റസാഖിന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയും സുഹൃത്ത് റസാഖിനെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തതിനുശേഷം രാജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. രണ്ടുകാലുകളും ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ചിട്ടുമുണ്ട്.  

നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രാജേഷിനെ തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. 

ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍പ്രസിഡണ്ടായിരുന്ന രാജേഷ് പിന്നീട് ഗള്‍ഫില്‍ പോയ ശേഷം ഒരാഴ്ചമുമ്പാണ് നാട്ടിലെത്തിയത്.  സിപി എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ച കാര്‍ കേച്ചേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍.നായര്‍, ഗുരുവായൂര്‍ സി.ഐ. ഇ.ബാലകൃഷ്ണന്‍, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.