കച്ചേരിക്കടവ് പാലം: അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം അവതാളത്തില്‍

Thursday 8 February 2018 2:00 am IST
മുപ്ലിയം നിവാസികളുടെ സ്വപ്‌നമായ കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍.

 

വരന്തരപ്പിള്ളി: മുപ്ലിയം നിവാസികളുടെ സ്വപ്‌നമായ കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍. അഞ്ച് കോടി രൂപ ചിലവില്‍ 2015 ല്‍ കുറുമാലിപ്പുഴയിലെ കച്ചേരിക്കടവില്‍ ആരംഭിച്ച പാലത്തിന്റെ ഒരു ഭാഗം വനഭൂമിയും മറു ഭാഗം റവന്യൂഭൂമിയുമാണ്. റോഡിന് വേണ്ടി വിട്ടുനല്‍കിയ വനഭൂമിയില്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാല്‍ മാത്രമാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കാനാവുക. ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ധാരണയാകാത്തതാണ് പ്രധാന തടസം. നൂറ് മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ടത്. 

അഞ്ച് കോടി രൂപ അടങ്കല്‍ തുകയുമായി 1982 ലാണ് ആറ്റപ്പിള്ളി പാലത്തിന്റെ പണി തുടങ്ങിയത്. ഏഴ് കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. വരന്തരപ്പിള്ളി- മറ്റത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിധം കുറുമാലി പുഴയില്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തില്‍ അപ്രോച്ച് റോഡ് ഇനിയുമായിട്ടില്ല.

കച്ചേരിക്കടവ് പാലത്തിന് ആറ്റപ്പിള്ളി പാലത്തിന്റെ ഗതിതന്നെയാവുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. 

പ്രധാന ആശ്രയമായ കച്ചേരിക്കടവിലെ കടത്ത് വഞ്ചി പാലം പണി ആരംഭിച്ചതോടെ നിര്‍ത്തലാക്കിയത് നാട്ടുകാരെ ദുരിതത്തിലാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.