വ്യാജ അപ്പീല്‍: പ്രതി ആത്മഹത്യക്ക് ശ്രമിച്ചു, നാടകമെന്ന് പോലീസ്

Thursday 8 February 2018 2:45 am IST

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത നൃത്താധ്യാപകന്‍ സതികുമാര്‍ അണുനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച രാത്രി വൈകിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെ ബാത്ത്‌റൂമില്‍ കയറിയ പ്രതി അവിടെ സൂക്ഷിച്ചിരുന്ന ലൈസോള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വെളിപ്പെടുത്തിയത്.

അവശനിലയില്‍ കണ്ട പ്രതിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രതി നാടകം കളിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 

ഡോക്ടര്‍മാരുടെ പരിശോധനയിലും അണുനാശിനി കുടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അപ്പീല്‍ കേസില്‍ കോടതിയില്‍ കീഴടങ്ങിയ സതികുമാറിനെ തിങ്കളാഴ്ചയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ട് കൊടുത്തത്. 

ആത്മഹത്യാ ശ്രമത്തിന് സതികുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. വ്യാജ അപ്പീല്‍ കേസില്‍ അറസ്റ്റിലായ നൃത്താധ്യാപകരായ ജോബിജോര്‍ജ്, സൂരജ്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.