വികസനം എല്ലാവരിലേക്കും

Thursday 8 February 2018 2:45 am IST
ഇന്ത്യ ഇന്ന് ലോകത്തെ വന്‍കിട സാമ്പത്തിക ശക്തികളിലൊന്നായി വികസിച്ചുകൊണ്ടിരിക്കുന്നു. സര്‍വ്വാശ്ലേഷിത വികസനം അന്വര്‍ത്ഥമാകാനുതകുന്ന ഒട്ടേറെ കര്‍മ്മപദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ആവിഷ്‌ക്കരിച്ചിരിട്ടുള്ളത്. നാളിതുവരെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതിരുന്ന ഗ്രാമീണരും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പ്രാപ്തമാക്കിക്കൊണ്ടുള്ള 'ജന്‍ധന്‍' പദ്ധതി സര്‍വ്വാശ്ലേഷിത വികസനം സാധ്യമാക്കാനുള്ള ആദ്യചുവടുവെപ്പാകുന്നു. 30 കോടി ഗ്രാമീണ ജനതയ്ക്ക് ബാങ്ക് അക്കൗണ്ടുകള്‍ പ്രാപ്തമാക്കി അവരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്നു രക്ഷിക്കുന്ന രക്ഷാകവചമായിട്ടാണ് ജന്‍ധന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

'ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം (സബ്കാ സാഥ്, സബ്കാ വികാസ്) എന്ന മാനവിക സങ്കല്‍പത്തിലൂന്നിക്കൊണ്ടുള്ള നയാവിഷ്‌കാരങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. നടപ്പുവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ഈ ദിശാബോധത്തെ പ്രമാണവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. ദരിദ്രരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ദുര്‍ബലജനവിഭാഗങ്ങളേയും പിന്നാക്കവിഭാഗങ്ങളേയും ബജറ്റ് അഭിസംബോധന ചെയ്യുന്നു. സര്‍വ്വാശ്ലേഷിത വികസനം അഥവാ എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനം സാര്‍ത്ഥകമാക്കാനുള്ള കര്‍മ്മപദ്ധതികളാണ് മോദി സര്‍ക്കാര്‍ നാളിതുവരേയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജാതിവിവേചനവും ലിംഗവിവേചനവും വര്‍ഗ്ഗവിവേചനവുംകൊണ്ട് അഭിശപ്തമായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് 'ആയാസരഹിത ജീവിത' മാര്‍ഗ്ഗം പ്രദാനം ചെയ്യാന്‍ പര്യാപ്തമാകുന്ന സാമ്പത്തികപരിഷ്‌കരണ പദ്ധതികളാണ് മോദി സര്‍ക്കാരിന്റെ വികസന ഭൂമികയെ പ്രഫുല്ലമാക്കുന്നത്.

ഇന്ത്യ ഇന്ന് ലോകത്തെ വന്‍കിട സാമ്പത്തിക ശക്തികളിലൊന്നായി വികസിച്ചുകൊണ്ടിരിക്കുന്നു. സര്‍വ്വാശ്ലേഷിത വികസനം അന്വര്‍ത്ഥമാക്കാനുതകുന്ന ഒട്ടേറെ കര്‍മ്മപദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ആവിഷ്‌ക്കരിച്ചിരിട്ടുള്ളത്. നാളിതുവരെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതിരുന്ന ഗ്രാമീണരും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പ്രാപ്തമാക്കിക്കൊണ്ടുള്ള 'ജന്‍ധന്‍' പദ്ധതി സര്‍വ്വാശ്ലേഷിത വികസനം സാധ്യമാക്കാനുള്ള ആദ്യചുവടുവെപ്പാകുന്നു. 30 കോടി ഗ്രാമീണ ജനതയ്ക്ക് ബാങ്ക് അക്കൗണ്ടുകള്‍ പ്രാപ്തമാക്കി അവരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്നു രക്ഷിക്കുന്ന രക്ഷാകവചമായിട്ടാണ് ജന്‍ധന്‍ പദ്ധതി ആവിഷ്‌കരച്ചിരിക്കുന്നത്. 

ദരിദ്രജനങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായങ്ങള്‍ തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിനാണ് ജന്‍ധന്‍ പദ്ധതി നടപ്പിലാക്കിപ്പോരുന്നത്. ഒരിക്കല്‍പ്പോലും ബാങ്കുകളുടെ അകത്തളങ്ങളില്‍ എത്തിപ്പെടാതിരുന്ന താഴെത്തട്ടിലുള്ള ദുര്‍ബല ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കപ്പെട്ട ജന്‍ധന്‍ പദ്ധതിയില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഇത് സ്ത്രീശാക്തീകരണത്തിന് ഉപോല്‍ബലകമാകുന്നു.  ജന്‍ധന്‍ അക്കൗണ്ടുകള്‍ എടുത്തവര്‍ 53 ശതമാനവും സ്ത്രീകളാണ്. പ്രസ്തുത അക്കൗണ്ടുകളിലെ 18കോടി അക്കൗണ്ടുകള്‍ ഗ്രാമീണ മേഖലയിലാണ് എന്നതും ശ്രദ്ധേയമാണ്.

 16.2 കോടിയോളം വരുന്ന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ വസിക്കുന്ന ദളിത്, ആദിവാസി, പിന്നാക്ക സമുദായങ്ങളിലെ സ്ത്രീശാക്തീകരണം ഉറപ്പുവരുത്താനായി ജാമ്യമില്ലാ വായ്പ നല്‍കുവാന്‍ ആവിഷ്‌കരിച്ച 'മുദ്ര' പദ്ധതി വിപ്ലവകരമാണ്. സ്വന്തമായി ഉല്‍പ്പാദന കേന്ദ്രങ്ങളും മറ്റും ആരംഭിക്കുവാനായി 'മുദ്ര' പദ്ധതിപ്രകാരം വായ്പ എടുത്തവരില്‍ 75ശതമാനവും സ്ത്രീകളാണ്. ഇതുവരെയായി രണ്ടുലക്ഷം കോടി രൂപ മുദ്ര പദ്ധതി പ്രകാരം വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ദേശീയ ഗ്രാമീണ അതിജീവന പദ്ധതിപ്രകാരം കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന സ്ത്രീകള്‍ക്കായുള്ള ധനസഹായമായി 51,000 കോടി രൂപ നല്‍കപ്പെട്ടതായാണ് കണക്കുകള്‍. ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യക്ഷേമ പദ്ധതിയുടെ ഭാഗമായിട്ടാണ് 'സ്വച്ഛ് ഭാരത് അഭിയാന്‍' ആവിഷ്‌കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ 70 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ പ്രദാനം ചെയ്യാന്‍ ഈ പദ്ധതികൊണ്ട് സാധ്യമായി. 1472 നഗരങ്ങള്‍ പൊതുസ്ഥല മലമൂത്ര വിസര്‍ജ്ജന രഹിത നഗരങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ആറ് കോടി ശൗചാലയങ്ങള്‍ ഇതിനം നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്.

ഗ്രാമീണരിലെ നിര്‍ധന സ്ത്രീകള്‍ക്കാശ്വാസകരമായ സൗജന്യ 'ഗ്യാസ്' കണക്ഷനുകള്‍ 'ഉജ്ജ്വല യോജന' പ്രകാരം നല്‍കിവരുന്നു. സൗഭാഗ്യപദ്ധതി പ്രകാരം നാലുകോടി കുടുംബങ്ങള്‍ക്ക് സൗജന്യവൈദ്യുതി കണക്ഷനുകളും ലഭ്യമായിരിക്കുന്നു. മൂവായിരം ജനൗഷധി കേന്ദ്രങ്ങളിലൂടെയായി 800 തരം മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കി വരുന്നതും എടുത്തുപറയത്തക്കതാണ്.

2022 ആവുമ്പോഴേക്കും എല്ലാവര്‍ക്കും പാര്‍പ്പിടസൗകര്യം പ്രദാനം ചെയ്യാന്‍ ലക്ഷ്യമാക്കിയുള്ള 'പ്രധാനമന്ത്രി ആവാസ് യോജന', സാമൂഹികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള 'പ്രധാന്‍മന്ത്രി മഹിളാ ശക്തി യോജന, വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ചെറുകിട സമ്പാദ്യ പദ്ധതിയായ 'സുകന്യ സമൃദ്ധി യോജന', എല്ലാവര്‍ക്കും  ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുതകുന്ന 'ജീവന്‍ ജ്യോതി ബീമ യോജനന', അപകടംമൂലമുണ്ടാവുന്ന ചികിത്സാച്ചെലവുകള്‍ വഹിക്കുവാന്‍ സഹായിക്കുന്ന 'സുരക്ഷ ഭീമ യോജന', പൊതുജനങ്ങള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ 'അടല്‍ പെന്‍ഷന്‍ യോജന', ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുവാന്‍ ലക്ഷ്യമാക്കിയുള്ള 'ആദര്‍ശ ഗ്രാമപദ്ധതി', കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ 'ഫസല്‍ ഭീമ യോജന', കര്‍ഷകര്‍ക്ക് ചെറുജലസേചനം പ്രദാനം ചെയ്യാന്‍ ലക്ഷ്യമാക്കിയുള്ള 'ഗ്രാമ സിഞ്ചായ് യോജന', ദരിദ്ര ജനക്ഷേമ പദ്ധതിയായ 'ഗരീബ് കല്യാണ്‍ യോജന', പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യവികസനങ്ങള്‍ക്കും മറ്റുമായുള്ള 'ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി, ആദിവാസി ജനവിഭാഗങ്ങള്‍ക്കായുള്ള 'ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന' എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്. 150 ഓളം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്താകമാനമായി നടപ്പിലാക്കിവരുന്നുണ്ട്. അവയെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മിക്ക കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരല്ല. ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയും എടുത്തുപറയണം.

സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ ഏവര്‍ക്കും അനുഭവവേദ്യമാകുമ്പോഴാണ് വികസനം സര്‍വ്വാശ്ലേഷിതമാവുന്നത്. സമ്പദ്‌രംഗം ഔന്നത്യം പ്രാപിക്കുമ്പോള്‍ അവയുടെ നേട്ടങ്ങള്‍ സ്വാഭാവിക സരണിയിലൂടെ താഴെത്തട്ടിലേക്കു കിനിഞ്ഞിറങ്ങുമെന്ന 'ടിക്കിള്‍ ഡൗണ്‍ സിദ്ധാന്തം' പഴയ ധനശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, പ്രായോഗിക സമ്പദ്ശാസ്ത്ര ഭൂമികയില്‍ അവയ്ക്ക് പ്രസക്തിയൊന്നുമില്ല. എല്ലാ മേഖലയിലുമുള്ള തൊഴിലന്വേഷകര്‍ക്ക് അവരവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാവുമ്പോള്‍ മാത്രമാണ് സാമ്പത്തിക വികസനം അര്‍ത്ഥപൂര്‍ണമാവുന്നത്.

ഇപ്പോള്‍ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ 94 ശതമാനവും അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ വരുമാനത്തിന്റെ മുഖ്യമായ പങ്കാണ് അവര്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നത്. അസംഘടിത തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ആരംഭിക്കുകയും തൊഴില്‍ പരിഷ്‌കരണങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് തൊഴില്‍ മേഖലയെ പുഷ്‌ക്കലമാക്കാം.

രാജ്യത്തെ തൊഴില്‍ശേഷിയുടെ 40 ശതമാനത്തോളം പേര്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ഉപജീവനം ചെയ്തുപോരുന്നത്. ഇന്ത്യയില്‍ പരിഷ്‌കരണവിധേയമാകാത്ത സുപ്രധാന മേഖല കാര്‍ഷിക മേഖലയാണ്. പരിഷ്‌കരണ വിധേയമല്ലാത്ത മേഖലയായി കാര്‍ഷികരംഗം നിലനിന്നുപോരുന്നതുകൊണ്ടാണ് കാര്‍ഷികമേഖല പ്രുഫല്ലമാകാതിരിക്കുന്നത്. 2022 ആവുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലാ പരിഷ്‌ക്കരണം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. 1991-ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കാര്‍ഷികേതര മേഖലകളെ മാത്രമേ സ്പര്‍ശിച്ചിരുന്നുള്ളൂ. കാര്‍ഷികമേഖലയെ അതപ്പാടെ ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കാര്‍ഷിക രംഗം അഭിവൃദ്ധമാകാതിരിക്കുകയും ചെയ്തു.

കര്‍ഷകവരുമാനം ഇരട്ടിയാക്കുവാനുള്ള പദ്ധതികളെക്കുറിച്ച് നിര്‍ദ്ദേശിക്കുവാന്‍ നിയുക്തമായ അശോക് ദാല്‍വെ കമ്മിറ്റി നാല് സുപ്രധാന രംഗങ്ങളില്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്തു. ഭൂവിനിയോഗം, വിപണി പ്രാപ്തത, കാര്‍ഷികോല്‍പ്പാദന ക്ഷമത, കൃഷിയുടെ വൈവിദ്ധ്യവല്‍ക്കരണം എന്നീ മേഖലകളില്‍ നൂതന പരിഷ്‌കരണങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.  കര്‍ഷകക്ഷേമം ഉറപ്പാക്കാനുതകുന്ന നിര്‍ദ്ദേശിക്കപ്പെട്ട ഈ പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചുകൊണ്ട് കാര്‍ഷികവികസനം ഉറപ്പാക്കാനാകും.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളോടൊപ്പം തൊഴില്‍-കാര്‍ഷിക മേഖലകളിലെ വിഭാവനം ചെയ്യപ്പെട്ട പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിക്കുക  അഭികാമ്യമാണ്. അര്‍ത്ഥപൂര്‍ണമായിക്കൊണ്ടിരിക്കുന്ന സര്‍വ്വാശ്ലേഷിത വികസനത്തെ അതു കൂടുതല്‍ സുരഭിലമാക്കും.

(കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍നിന്ന് വിരമിച്ചയാളും റഷ്യയിലെ സൗതേണ്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിങ് പ്രൊഫസറുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.