ചിട്ടകളെ ഉല്ലംഘിച്ച ആദ്യവസാനക്കാരൻ

പി. നാരായണ കുറുപ്പ്
Thursday 8 February 2018 2:45 am IST
കുടമാളൂരിനു ശേഷമുള്ള പേരെടുത്ത സ്ത്രീവേഷക്കാരനായിരുന്നുവല്ലോ മടവൂര്‍ വാസുദേവന്‍നായര്‍. അനുഗൃഹീതനായ ആ നടന്റെ മാതൃക കഥകളിയരങ്ങിന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ലഭ്യമായിരിക്കുന്നുവെന്ന് ആശ്വസിച്ചുകൊണ്ട് ആ പുണ്യാത്മാവിന് ശിവസന്നിധിയിലുള്ള ജീവിതാന്ത്യം അപരിഹാര്യമായ ഈശ്വരനിയോഗമാണെന്ന് നമുക്ക് കരുതാം.

മാങ്കുളം വിഷ്ണുനമ്പൂതിരിക്കുശേഷം, വേഷത്തോടെ കുഴഞ്ഞുവീണുമരിക്കുന്ന ആദ്യവസാന കഥകളി നടന്‍ മടവൂര്‍ വാസുദേവന്‍ നായരാണ്. 88-ാം പിറന്നാളിന് കൊല്ലത്ത് രാമന്‍കുളങ്ങരയിലുള്ള വീട്ടില്‍ ആശാനെ കണ്ടപ്പോള്‍ നൂന്നു നിവര്‍ന്നിരുന്ന് (കഥകളിച്ചിട്ടയില്‍ത്തന്നെ) ഏറെനേരം സംസാരിച്ചു. കഥകളിപ്രേമം നിമിത്തം സ്വമേധയാ പഠിച്ചാണ് നടനായത്. പതിനഞ്ചുവയസ്സായപ്പോള്‍ ഉപരിപഠനത്തിന് ചെങ്ങന്നൂര്‍ രാമന്‍പിള്ളയാശാന്റെ വീട്ടില്‍ നടത്തിപ്പോന്ന കളരിയില്‍ ചേര്‍ന്നു. കൊല്ലത്ത് അഭ്യസിച്ചത് സ്ത്രീവേഷമായിരുന്നതിനാല്‍ ആദ്യകാലങ്ങളില്‍ സ്ത്രീവേഷംകെട്ടി കുടമാളൂര്‍ കരുണാകരന്‍നായര്‍ക്കൊപ്പം വേദിയില്‍ ഉഷ, ദമയന്തി, കേശിനി, ദേവയാനി, കാട്ടാളത്തി തുടങ്ങിയ സ്ത്രീവേഷങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. മുഖസൗഷ്ഠവവും താളസ്ഥിതിയും ലാസ്യത്തിന്റെ ചന്തവും അദ്ദേഹത്തെ നല്ലൊരു സ്ത്രീവേഷക്കാരനാക്കി.

പച്ച, കത്തി വേഷങ്ങളുടെ ചിട്ടയാണ് ചെങ്ങന്നൂരില്‍ അഭ്യസിച്ചത്. സ്ത്രീവേഷത്തില്‍നിന്ന് പച്ച-കത്തികളിലേക് മാറുന്നവര്‍ അരങ്ങത്ത് പൊതുവെ ഇല്ല എന്നുപറയാം. ലാസ്യം ഏറെനാള്‍ പ്രവര്‍ത്തിച്ചാല്‍ വീര-രൗദ്ര ഭാവങ്ങളിലേക്ക് കടക്കുക എന്നത് പ്രയാസമാണ്. കൂടിവന്നാല്‍ കരിവേഷവും കൃഷ്ണവേഷവും കെട്ടും. മടവൂര്‍ മാത്രമാണ് ഇതിനൊരു അപവാദം. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിലും ഗുരുവിനൊപ്പമുള്ള വേഷം ആടുന്നതിലുംകൂടി യൗവനത്തില്‍ത്തന്നെ മടവൂരിന് പച്ച-കത്തി നായകവേഷങ്ങള്‍ കെട്ടാന്‍ സാധിച്ചു. മാത്രമല്ല കത്തിവേഷത്തില്‍ സവിശേഷമായ വൈഭവംകാട്ടുകയും ചെയ്തു. ചെങ്ങന്നൂരിന് മൂന്ന് ശിഷ്യന്മാരാണ്. മൂവരും ഇപ്പോള്‍ അരങ്ങൊഴിഞ്ഞു കഴിഞ്ഞു. ആശ്വസിക്കാനുള്ളത് മടവൂര്‍ തന്റെ കളരിയില്‍ അഭ്യാസം നല്‍കിയ ശിഷ്യന്മാരിലൂടെ ആ ചിട്ട നിലനില്‍ക്കുന്നു എന്നതാണ്. ഇതുപോലെ ശിഷ്യസമ്പത്തുള്ള മറ്റൊരാശാന്‍ (പച്ച-കത്തി വേഷങ്ങളില്‍) പള്ളിപ്പുറം ഗോപാലന്‍ നായര്‍ മാത്രമാണെന്നു പറയാം.

മനോധര്‍മം, മുഖവും കണ്ണും കേന്ദ്രമാക്കിയുള്ള രസാഭിനയം എന്നീ കാര്യങ്ങളിലാണ് 'തെക്കന്‍ ചിട്ട' യുടെ മികവ്. അതിന്റെ പ്രാരംഭകര്‍ തോട്ടം ശങ്കരന്‍ നമ്പൂതിരി, മാത്തൂര്‍ പണിക്കര്‍ എന്നിവരും, പ്രചാരകര്‍ വടക്കന്‍ ചിട്ട (കലാമണ്ഡലം)യോടൊപ്പം തെക്കന്‍ ചിട്ട സമ്മേളിച്ച കലാമണ്ഡലം കൃഷ്ണന്‍ നായരും മാങ്കുളം നമ്പൂതിരിയും ആയിരുന്നു. വാസുദേവന്‍ നായര്‍ ഇപ്പറഞ്ഞ രണ്ടു ഗുരുക്കന്മാര്‍ക്കൊപ്പം രംഗത്തുപ്രവര്‍ത്തിച്ചാണ് തന്റെ ചിട്ട ഉറപ്പിച്ചത്. രാവണവിജയം, ഉത്തരാസ്വയംവരം, ബാലി വിജയം, ദുര്യോധന വധം തുടങ്ങിയ കഥകളിലെ നായക വേഷമാണ് മടവൂര്‍ അടുത്തകാലംവരെ കെട്ടിപ്പോന്നത്. 'ഏകലോചനം', 'കമലദളം' തുടങ്ങിയ പ്രസിദ്ധപദങ്ങളുടെ അഭിനയത്തില്‍ അദ്ദേഹത്തോളം മികവുനേടിയവര്‍ ഇല്ല എന്നുപറയേണ്ടിവരുന്നു.

അഞ്ചല്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി പ്രമാണിച്ചുള്ള ഉത്സവത്തില്‍ രാവണവിജയത്തിലെ ദൂതസന്ദേശ രംഗം (വൈശ്രവണന്റെ ദൂതന്‍ രാവണനെ ഉപദേശിക്കുന്നത്) ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ക്രുദ്ധനായി മറുപടി പറയുന്ന രാവണന്‍ ചൊവ്വാഴ്ച രാത്രി കുഴഞ്ഞുവീണുപോയത്. ഇതുപോലെ തുള്ളിക്കൊണ്ടുനില്‍ക്കെ അടുത്തിടെ അരങ്ങില്‍ കുഴഞ്ഞുവീണു മരിച്ച വിശ്രുത ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. കഥകളിക്കാരുടെ വിശ്വാസമനുസരിച്ച് ഇങ്ങനെ വേഷത്തോടെ അരങ്ങില്‍ തന്നെ മരിക്കുക എന്നത് പുണ്യലബ്ധിയാണ്. അതും മഹാശിവരാത്രി നാള്‍കളില്‍.

 1929-ല്‍ മടവൂര്‍ കാരോട്ടുപുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. മടവൂര്‍ പരമേശ്വരന്‍ പിള്ളയാണ് ആദ്യഗുരു. പത്തുകൊല്ലം കേരള കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. 1998-ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. സംസ്ഥാന കഥകളി അവാര്‍ഡും, കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. സാവിത്രിയമ്മയാണ് ഭാര്യ. അവരും മകളായ ഗംഗാതമ്പിയും ഭരതനാട്യം, മോഹിനിയാട്ടം കലാകാരികളാണ്. മകള്‍ മദ്രാസില്‍ അടയാര്‍ കലാക്ഷേത്രം നടത്തിപ്പോരുന്നു.

തേപ്പിലും ചമയത്തിലും വലിയ ശ്രദ്ധയുണ്ടായിരുന്ന മടവൂര്‍ ഏറെനേരത്തെതന്നെ പ്രകടനവേദിയിലെ അണിയറയില്‍ എത്തും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ വേഷം കണ്ടുപോന്ന ആസ്വാദകന്‍ എന്ന നിലയില്‍ എന്തെങ്കിലും പൊരുത്തക്കേട് അദ്ദേഹത്തിന്റെ അഭിനയത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കഥാപാത്രസ്ഥായി നിലനിര്‍ത്തുന്നതില്‍ ഗുരുവായ ചെങ്ങന്നൂര്‍ രാമന്‍പിള്ളയാണ് മടവൂരിന്റെ മാതൃക. പലപ്പോഴും ആശാന്റെ പ്രതിരൂപമായിട്ടാണ് ശിഷ്യന് തോന്നുക. എന്നാല്‍ ആശാന് അവകാശപ്പെടാനില്ലാത്ത ഒരു ഗുണം ശിഷ്യന്‍ സ്വയം നേടി. മിനുക്കു വേഷങ്ങള്‍, കരിവേഷം എന്നീ സന്ദര്‍ഭങ്ങളില്‍ കുറിച്ചി കുഞ്ഞന്‍പണിക്കരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ സിദ്ധിയെന്നോണം അത്തരം വേഷങ്ങളിലും മടവൂര്‍ ശ്രദ്ധേയനായി. മാത്രമല്ല, അവസാനഘട്ടത്തിലും വേണ്ടിവന്നാല്‍ സ്ത്രീവേഷം കെട്ടാനും അദ്ദേഹം തയ്യാറായിരുന്നു. 

കുടമാളൂരിനു ശേഷമുള്ള പേരെടുത്ത സ്ത്രീവേഷക്കാരനായിരുന്നുവല്ലോ മടവൂര്‍ വാസുദേവന്‍നായര്‍. അനുഗൃഹീതനായ ആ നടന്റെ മാതൃക കഥകളിയരങ്ങിന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ലഭ്യമായിരിക്കുന്നുവെന്ന് ആശ്വസിച്ചുകൊണ്ട് ആ പുണ്യാത്മാവിന് ശിവസന്നിധിയിലുള്ള ജീവിതാന്ത്യം അപരിഹാര്യമായ ഈശ്വരനിയോഗമാണെന്ന് നമുക്ക് കരുതാം.