യുഎഇ വിസ: പോലീസ് ക്ലിയറൻസ് വേഗത്തിൽ ലഭ്യമാക്കാൻ നിർദ്ദേശം

Thursday 8 February 2018 2:45 am IST

തിരുവനന്തപുരം: യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക്  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. 

അപേക്ഷകര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജില്ലയില്‍ നിലവിലുള്ള രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായവും ഉണ്ടാകും. സംസ്ഥാനത്തെ ഏത് പോലീസ് സ്റ്റേഷനുകളുമായും സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഇക്കാര്യത്തില്‍ ബന്ധപ്പെടാം. സാധാരണ അപേക്ഷകളില്‍ 14 ദിവസത്തിനകം  സര്‍ട്ടിഫിക്കറ്റ് നല്‍കും. 

ഇനി മുതല്‍ പുതുക്കിയ അപേക്ഷഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫീസായ ആയിരം രൂപ ടിആര്‍-15 ഫോം മുഖേന ട്രഷറിയിലോ ഓണ്‍ലൈനായോ അടയ്ക്കണം. അപേക്ഷയുടെ കോപ്പിയും ഉദ്യോഗാര്‍ത്ഥിയുടെ സത്യവാങ്മൂലവും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.