അഭയകേസ്; മൈക്കിളിനെ പ്രതിയാക്കിയത് സ്‌റ്റേ ചെയ്തു

Thursday 8 February 2018 2:45 am IST

കൊച്ചി: അഭയ കേസില്‍ മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളിനെ പ്രതി ചേര്‍ത്ത തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ പ്രതിചേര്‍ത്തതിനെതിരെ മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശനിയാഴ്ച മൈക്കിള്‍ അഭിഭാഷകന്‍ മുഖേന സിബിഐ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയയുടെ വസ്ത്രവും ഡയറിയുമടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മൈക്കിളിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കാലത്ത് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. സാമുവല്‍ മരിച്ച സാഹചര്യത്തില്‍ തന്നെ പ്രതിയാക്കുന്നത് നിയമപരമല്ലെന്നുമായിരുന്നു മൈക്കിളിന്റെ വാദം. 

ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ വിചാരണ നടപടികള്‍ തടയരുതെന്ന് സിബിഐ ആവശ്യപ്പെട്ടു. ഹര്‍ജിക്കാരനെ പ്രതിയാക്കിയത് സിബിഐ കോടതിയാണെന്നും ഇതിനെ എതിര്‍ക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിയില്‍ സര്‍ക്കാരിനെക്കൂടി കക്ഷി ചേര്‍ക്കാന്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജിക്കാരനോടു നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.