പാരമ്പര്യേതര ട്രസ്റ്റി നിയമനം; അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രം വിവാദത്തിലേക്ക്

Thursday 8 February 2018 2:45 am IST

പാലക്കാട്: അട്ടപ്പാടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മല്ലീശ്വരക്ഷേത്ര ഭരണത്തെച്ചൊല്ലി വിവാദം. ഭരണസമിതിയില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചതിനെതിരെ പരമ്പരാഗത നടത്തിപ്പുകാരാണ് രംഗത്തെത്തിയത്. ഗോത്രാചാരം അനുസരിച്ച് നടത്തുന്ന മല്ലീശ്വരന്‍ഉത്സവത്തിന്റെ പവിത്രത നശിപ്പിക്കുവാന്‍  ദേവസ്വം ബോര്‍ഡ് ശ്രമിക്കുകയാണെന്ന് മുന്‍ നടത്തിപ്പുകാരായ വി.സി. കുഞ്ചന്‍, കുട്ടിയണ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

നൂറ്റാണ്ടുകളായി ആചാരനിഷ്ഠകള്‍ തെറ്റാതെ ആദിവാസി വിഭാഗങ്ങള്‍ നടത്തിവരുന്ന മല്ലീശ്വരന്‍ ക്ഷേത്രത്തിന്റെ ഭരണത്തില്‍ 2015 മുതലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടു തുടങ്ങിയത്. പാരമ്പര്യ-പാരമ്പര്യേതര അവകാശികള്‍ തമ്മില്‍ തര്‍ക്കം വന്നപ്പോഴാണ് സബ് കളക്ടര്‍ ഇടപെട്ട് ഉത്സവ നടത്തിപ്പിനും ക്ഷേത്രഭരണത്തിനും പൊതു കമ്മറ്റികളെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇതിന് ശേഷം കമ്മറ്റിയിലെ പരമ്പര്യേതര അവകാശികള്‍ ക്ഷേത്രനടത്തിപ്പില്‍ ഗുരുതരമായ വീഴ്ച നടത്തിയെന്നാണ് ആരോപണം. 

ക്ഷേത്രത്തിലെ വരുമാനം മുഴുവന്‍ ഒരു സംഘം കൊള്ളയടിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌ന പരിഹാരത്തിന് സബ് കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ജനുവരി മൂന്നിന് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ താത്കാലിക പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. 

ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് തിടുക്കത്തില്‍ പുതിയ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചതെന്ന് ഇവര്‍ ആരോപിച്ചു. ക്ഷേത്രാചാരങ്ങള്‍ ശരിയായി പാലിക്കാത്തവരും ക്ഷേത്രവുമായി ബന്ധവുമില്ലാത്തവരുമാണ് ചില ട്രസ്റ്റികള്‍. ചെമ്മണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭൂതിവഴിക്കാരനായ വ്യക്തിയെയാണ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. ആദിവാസി സമൂഹത്തിന് ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ക്ഷേത്രത്തെക്കുറിച്ച് പഠിക്കാനും യഥാര്‍ത്ഥ അവകാശികള്‍ക്ക് ചുമതല ഏല്‍പ്പിക്കാനും ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

വിവിധ ഊരുകളെ പ്രതിനിധാനം ചെയ്ത് ഇ.കെ. വഞ്ചി, കെ.ശിവാനി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആദിവാസികള്‍ ഒറ്റക്കെട്ടായി സമരത്തിന് ഇറങ്ങുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.